ഭൂമി തർക്കം പരിഹരിച്ചില്ല; വേലി നിർമാണസാമഗ്രികൾ നശിക്കുന്നു
text_fieldsപുനലൂർ: മന്ത്രിതല ഇടപെടലുണ്ടായിട്ടും ഒന്നരവർഷമായി ഭൂമിയുടെ ഉടമസ്ഥതാവകാശതർക്കം പരിഹരിച്ചില്ല. തർക്കഭൂമിക്ക് ചുറ്റും വേലികെട്ടി സംരക്ഷിക്കാൻ വനംവകുപ്പിറക്കിയ ലക്ഷങ്ങളുടെ സാധനങ്ങൾ നശിക്കുന്നു.
തെന്മല ജങ്ഷനിൽ ഡിപ്പോ ഭൂമിയുമായി ബന്ധപ്പെട്ട് വനം-റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പരിഹരിക്കാനുള്ളത്. ഇവിടുത്തെ 20 ഏക്കറോളം ഭൂമിയാണ് വർഷങ്ങളായി തർക്കത്തിലുള്ളത്.
2023 മേയ് ആറിന് തർക്കഭൂമിക്ക് ചുറ്റും വേലി നിർമിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം റവന്യൂസംഘം തടഞ്ഞിരുന്നു. തുടന്ന് ഇരുകൂട്ടരും പരസ്പരം കേസെടുത്തു.
തർക്കം മൂർച്ഛിച്ചതോടെ പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് പ്രശ്നം ഇരുവകുപ്പുമന്ത്രിമാരുടെയും മുന്നിലെത്തിച്ചു. മന്ത്രിമാരുടെയും എം.എൽ.എയുടെയും ഇരുവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ 2023 മേയ് 17ന് നടന്ന ചർച്ചയിൽ തർക്കഭൂമിയിലെ എല്ലാ നിർമാണങ്ങളും നിർത്തിവെക്കാനും ഉന്നത ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ഒരു മാസത്തിനകം മന്ത്രിമാർക്ക് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. തുടർന്ന് റവന്യൂസംഘം പരിശോധിച്ച് റിപ്പോർട്ട് നൽകിയെങ്കിലും മറ്റ് തീരുമാനങ്ങൾ മന്ത്രിതലത്തിൽ ഉണ്ടായില്ല.
വേലി നിർമിക്കാൻ വനംവകുപ്പ് ഒന്നരവർഷം മുമ്പ് ഇറക്കിയ സിമന്റ്, ഇരുമ്പുവേലി, പൈപ്പുകൾ തുടങ്ങിയവ നശിക്കുകയാണ്. 50 പായ്ക്കറ്റോളം സിമന്റ് ഉപയോഗശൂന്യമായി. ഇരുമ്പുവേലി കാടുമൂടി തുരമ്പെടുത്തു. ഇനിയും ഇവ ഉപയോഗിച്ചില്ലെങ്കിൽ ഒന്നിനും കൊള്ളാതാകും. ഇത് വനംവകുപ്പിന് വലിയ നഷ്ടമുണ്ടാക്കും.
തടി ഡിപ്പോ നിലനിൽക്കുന്നത് റവന്യൂവകുപ്പിന്റെ ഭൂമിയിലാണെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വകുപ്പിന്റെ കൈയിലുണ്ടെന്നുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ, തിരു-കൊച്ചി ആക്ട്, ട്രാവൻകൂർ ഫോറസ്റ്റ് ആക്ട് തുടങ്ങിയവ പ്രകാരം തങ്ങളുടെ ഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം.
അതേസമയം ഇരുവകുപ്പുകളുടെയും തർക്കം കാരണം തെന്മലയിലെ പൊതുവികസനത്തിന് സർക്കാർഭൂമി ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. തെന്മല പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം, ക്വാർട്ടേഴ്സ് നിർമാണം എന്നിവ ഇത്തരത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.