ആര്യങ്കാവിൽ വീണ്ടും ഉരുൾപൊട്ടലും മഴക്കെടുതിയും
text_fieldsപുനലൂർ: തിങ്കളാഴ്ച രാത്രിയിലെ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ആര്യങ്കാവ് മലയോരമേഖലയിൽ വ്യാപകനാശം. ഒറ്റപ്പെട്ട ജനവാസ മേഖലയിൽ ചെറിയതോതിൽ ഉരുൾപൊട്ടി.
വീടുകളിലടക്കം വെള്ളവും ചെളിയും ഇരച്ചുകയറിയെങ്കിലും ആൾനാശമില്ല. ഉരുൾപൊട്ടിയതോടെ തേക്കിൻകൂപ്പ് ഭാഗത്ത് പലയിടത്തും വെള്ളം ഉയർന്നതോടെ വീടിനുമുകളിലും മറ്റ് ഉയർന്ന ഭാഗങ്ങളിലും കയറി ആളുകൾ രക്ഷപ്പെട്ടു. മിക്ക വീടുകളിലേയും ഉപകരണങ്ങൾ നശിച്ചു. ഇവിടുള്ള ചില കുടുംബങ്ങളെ രാത്രിയിൽ എൽ.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
അതിർത്തിമലയായ സ്വർണംപള്ളികാട്ടിൽ രണ്ട് സ്ഥലത്ത് ഉരുൾ പൊട്ടി. പാപ്പച്ചെൻറ കൃഷിയിടത്തിലാണ് ഉരുൾ പൊട്ടിയത്. ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കരിമ്പിൻതോട്ടത്തിൽ ജോയി പുതുവേലിയുടെ പറമ്പിനും വീടിനും സാരമായി നാശം നേരിട്ടു. ഈ ഭാഗത്തെ മിക്ക കുടുംബങ്ങളിലെയും കൃഷിയും ചുറ്റുമതിലുകളടക്കം കെട്ടുകളും തകർന്നു. ആര്യങ്കാവ് തോട്ടിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ മണ്ണിൽ, കരിമ്പിൻ തോട്ടം, ആദിവാസി കോളനി, ആർ.ഒ ജങ്ഷൻ ഇടപ്പാളയം ഭാഗങ്ങളിൽ നിരവധി വീടുകളിലും കടകളിലും മറ്റും വെള്ളംകയറി. ആര്യങ്കാവ് സഹകരണ ബാങ്കിെൻറ നീതി സ്റ്റോർ, വളം ഡിപ്പോ ഇതിനടുത്തുള്ള വീടുകൾ, കടകൾ എന്നിവിടങ്ങളിലും നാശംനേരിട്ടു.
നീതി സ്റ്റോറിലടക്കം സാധനങ്ങൾ മാറ്റിയിരുന്നതിനാൽ വലിയ നഷ്ടം നേരിട്ടില്ല. എന്നാൽ ഈ ഭാഗത്തെ വീടുകൾക്കുള്ളിലെല്ലം ചെളി അടിഞ്ഞു. തോടിന് വശത്തെ സംരക്ഷണഭിത്തികളും മിക്കയിടത്തും തകർന്നു. സംഭവമറിഞ്ഞ് പി.എസ്. സുപാൽ എം.എൽ.എ തിങ്കളാഴ്ച രാത്രിയിൽ ആര്യങ്കാവിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകി.
അടിയന്തര നടപടിക്ക് എം.എൽ.എയുടെ നിർദേശം
പുനലൂർ: ആര്യങ്കാവിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശം നേരിട്ട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് അധികൃതർക്ക് പി.എസ്. സുപാൽ എം.എൽ.എ നിർദേശം നൽകി. മണ്ണിൽ, കരിമ്പിൻ ഭാഗങ്ങളിൽ ഓടകളും സംരക്ഷണ ഭിത്തികളും തകർന്നത് അടിയന്തരമായി പുനർനിർമിക്കാൻ മൈനർ ഇറിഗേഷൻ അധികൃതരോട് നിർദേശിച്ചു.
ഈ ഭാഗത്ത് റോഡ് ഇടിഞ്ഞുപോയ ഭാഗങ്ങളിൽ മൺചാക്ക് അടുക്കി ബലപ്പെടുത്തണം. ആര്യങ്കാവ് സഹകരണ ബാങ്കിനു സമീപം വെള്ളം ഒഴുക്കിന് തടസ്സമായ സ്ലാബ് പൊളിച്ചുമാറ്റണം. കൂടുതൽ ഉയരത്തിൽ പുതിയ സ്ലാബ് നിർമിക്കാൻ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.
സ്കൂളുകൾക്ക് പിറകിലൂടെയുണ്ടായിരുന്ന രണ്ടു കൈതോടുകളിൽ ഒരെണ്ണം അടഞ്ഞു. ഇത് മണ്ണ് മാറ്റി വെള്ളം ഒഴുകുന്ന നിലയിലാക്കാൻ ദേശീയ പാത അധികൃതരോട് നിർദേശിച്ചു. ആദിവാസി ഊരുകളിൽ വെള്ളം കയറാതിരിക്കാൻ ഉയരത്തിൽ സംരക്ഷണ ഭിത്തിയും നിർമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.