നാഗമലയിൽ ഉരുൾപൊട്ടൽ: വീടുകളും കൃഷിയും നശിച്ചു
text_fieldsപുനലൂർ: ഉരുൾപൊട്ടലിൽ തെന്മല പഞ്ചായത്തിലെ നാഗമലയിൽ നാശം. കഴിഞ്ഞ ദിവസം വൈകുന്നേരം കനത്ത മഴക്കിടെ നാഗമല-മാമ്പഴത്തറ റൂട്ടിൽ പുളിവളവ് ഭാഗത്ത് വനത്തിലാണ് ഉരുൾപൊട്ടിയത്. മലയിൽനിന്ന് വെള്ളവും മണ്ണും എസ്റ്റേറ്റിലൂടെ ഒലിച്ച് നാഗമല റോഡിലെത്തി. ഈ സമയം നെടുമ്പാറ എച്ച്.എസ്.എസിലെ വിദ്യാർഥികളടക്കം യാത്രക്കാരുമായി ഇവിടേക്കുവന്ന ബസ് റോഡിൽ ഏറെ സമയം കുടുങ്ങി.
അവസാനം പൊതുപ്രവർത്തകൻ വിനോദ് തോമസിന്റെ നേതൃത്വത്തിൽ തോട്ടംതൊഴിലാളികൾ റോഡിലെ ചളിയും കല്ലും നീക്കി ബസ് കടത്തിവിടുകയായിരുന്നു. മഴവെള്ളം ഒലിച്ചിറങ്ങി സംരക്ഷണ ഭിത്തി ഇടിഞ്ഞതിനാൽ നടുവാർഡ് ലയത്തിൽ വെള്ളം കയറി അഞ്ച് വീടുകൾ ഭാഗികമായി നശിച്ചു. ഉരുൾപൊട്ടി വന്ന ഭാഗത്ത് ഹാരിസൺ മലയാളം കമ്പനിയുടെ എസ്റ്റേറ്റിലെ ഇരുനൂറോളം റബർതൈകൾ നശിച്ചു. രാത്രിയോടെ റോഡിലെ അവശിഷ്ടങ്ങൾ പൂർണമായി നീക്കി. ചെറിയ ഉരുൾപൊട്ടലും സമീപത്ത് ജനവാസം ഇല്ലാതിരുന്നതും വലിയ നാശങ്ങൾ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.