മലയോരത്ത് മഴ കുറവ്; തെന്മല ഡാമിൽ ജലനിരപ്പ് താഴുന്നു
text_fieldsപുനലൂർ: കിഴക്കൻ മലയോരത്ത് കാലവർഷം ദുർബലമായി തുടരുന്നതിനാൽ തെന്മല പരപ്പാർ ഡാമിൽ ആവശ്യത്തിന് വെള്ളം എത്തുന്നില്ല. 115. 82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ തിങ്കളാഴ്ച രാവിലെ 95.10 മീറ്റർ വെള്ളമേയുള്ളു. വൈദ്യുതി ഉൽപാദനത്തിനായി വെള്ളം തുറന്നു വിടുന്നതിനനുസരിച്ച് ഡാമിലേക്ക് എത്തുന്നില്ലെന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത്.
നാട്ടിൻപുറങ്ങളിൽ നല്ല മഴ ലഭിക്കുന്നതിനാൽ കാർഷികാവശ്യത്തിന് കനാലുകൾ വഴി വെള്ളം തുറന്നു വിട്ടിരുന്നത് കാലവർഷം ആരംഭത്തോടെ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, ഡാമിനോട് അനുബന്ധിച്ചുള്ള 15 മെഗാ വാട്ട് വൈദ്യുതി ഉത്പാദനം തടസ്സമില്ലാതെ തുടരുന്നുണ്ട്.
5475 മീറ്റർ സ്ക്വയർ കിലോമീറ്ററാണ് ഡാമിന്റെ കാച്ച്മെന്റ് ഏരിയ. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി മുതൽ കിഴക്കൻ മേഖലയിൽ തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ വനങ്ങളും ശെന്തുരുണി വന്യജീവി സങ്കേതവും ഡാമിന്റെ കാച്ച്മെന്റ് ഏരിയയിൽപെടുന്നു.
കാലവർഷം തുടങ്ങിയതിനു ശേഷം ഒറ്റപ്പെട്ട ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചു. എന്നാൽ കാര്യമായ മഴ ഇതുവരെ മേഖലയിൽ പെയ്തിട്ടില്ല. തുടർച്ചയായി മഴ ലഭിച്ചാൽ മാത്രമേ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയുള്ളൂ. ഡാമിന്റെ പ്രധാന ലക്ഷ്യം വേനൽക്കാലത്ത് കാർഷിക ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുകയാണ്. അതിനായി തുലാവർഷത്തിലാണ് ഡാമിൽ വെള്ളം ശേഖരിക്കാറുള്ളത്.
ഇതിനിടയിലുള്ള കാലയളവിൽ വൈദ്യുതി ഉൽപാദനം മുടങ്ങാതിരിക്കാനും ആവശ്യത്തിനു വെള്ളം ഡാമിൽ ആവശ്യമാണ്. മഴ ശക്തമാവാതിരുന്നാൽ വൈദ്യുതി ഉൽപാദനത്തിനും ഭാഗികമായ നിയന്ത്രണം വേണ്ടിവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.