42 കുടുംബങ്ങൾക്ക് തണലായി ലൈഫ് ഭവനസമുച്ചയം
text_fieldsപുനലൂര്‍: പ്ലാച്ചേരിയിൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ചയത്തിന്റെ നാല് നിലകളിലായി തണൽ ഒരുങ്ങിയത് 42 കുടുംബങ്ങൾക്ക്. ഭുചലനത്തെ അതിജീവിക്കും വിധം ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ ആകെയുള്ള 44 യൂനിറ്റുകളിൽ 42 ഭവനങ്ങളും ഒപ്പം അംഗൻവാടിയും വയോജന കേന്ദ്രവും ഒരുക്കി. ഒരു വീടിന്റെ വിസ്തീര്‍ണം 511.53 ചതുരശ്ര അടിയാണ്. വികലാംഗര്‍ക്കും മറ്റ് ശാരീരികമായ അവശത ഉള്ളവര്ക്കുമായാണ് താഴത്തെ നിലയില്‍ രണ്ട് വീടുകൾ.
ഹാള്‍, രണ്ടു കിടപ്പ് മുറി, കക്കൂസ്, ബാല്‍ക്കണി എന്നിവയാണ് ഓരോ വീട്ടിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുവായി ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കുടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്കരണം, ചുറ്റുമതില്‍, മഴവെള്ള സംഭരണി, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും നിര്‍മിച്ചിട്ടുണ്ട്.
പ്രീ-ഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിട നിര്‍മാണം. എല്‍.ജി.എസ്.എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്റെ ഫ്രെയിം നിര്‍മിച്ച് ഇത് ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ ചെയ്ത് ചുമര് നിര്‍മിച്ചിരിക്കുന്നു. മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റവും നല്‍കിയിട്ടുണ്ട്. മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിട്രിഫൈഡ് ടൈലും ബാത്റൂമിന്റെ ഭിത്തികൾ ഗ്ലെസ്ഡ് ടൈലുകളുമാണ്. ഉൾവശം കെട്ടിടത്തിലെ താപനില നിയന്ത്രിക്കുന്നതിനുവേണ്ടി റോക്ക് പൂൾ ഉപയോഗിച്ച് നിറച്ചാണ് ഭിത്തി നിർമിച്ചത്. ഫാന്‍, ലൈറ്റ്, എന്നിവയും വാഷിംഗ് മെഷീന്, ഫ്രിഡ്ജ് ഇവക്കുള്ള സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. വൈദ്യുതി തകരാർ ഉണ്ടായാൽ ബദൽ സംവിധാനമായി 25 കെ.വി.എ ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സൂമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണം നിര്‍വഹിച്ചത്. തൃശ്ശൂര്‍ ഡിസ്ട്രിക് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നിര്‍വഹണം നടത്തിയത്. കെട്ടിടത്തിന്റെ കരാര്‍ തുക 6.87 കോടി രൂപയാണ്. അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി ഖരമാലിന്യ സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്.
സര്‍ക്കാര്‍ സബ്സിഡിയോടെ സൗരോര്‍ജ പ്ലാന്റുകള്‍ പൂര്‍ണമായും സൗജന്യമായി അനെര്‍ട് ആണ് സ്ഥാപിച്ചത്. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാണ് വെളിച്ച സംവിധാനം ഒരുക്കിയിട്ടുള്ളത്. നിർമ്മാണ സാമഗ്രികളും വിദഗ്ധ തൊഴിലാളികളും ഉത്തരേന്ത്യയിൽ നിന്നും ആയതിനാൽ കോവിഡ് നിർമാണത്തിന് കാലതാമസം വരുത്തി. കെട്ടിടം അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. വിവിധ നിർമാണ സാമഗ്രികളും ഉപകരണങ്ങളും ഉയർന്ന ഗുണനിലവാരമുള്ളവയാണെന്നും അധികൃതർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.