മധുര-ഗുരുവായൂർ എക്സ്പ്രസ് സർവിസ് ഇന്നു മുതൽ
text_fieldsപുനലൂർ: പുനലൂർ- ഗുരുവായൂർ ട്രെയിൻ മധുരയിലേക്ക് നീട്ടിയതോടെ പുനലൂരിലും ചെങ്കോട്ടക്കും ഇടയിലുമുണ്ടായിരുന്ന ഏക പാസഞ്ചർ ട്രെയിനും ഇല്ലാതാകുന്നു. ഞായറാഴ്ച മുതലാണ് മധുര- ഗുരുവായൂർ ട്രെയിൻ യാത്ര ആരംഭിക്കുന്നത്. നിലവിലുള്ള മൂന്നു ട്രെയിനുകൾ യോജിപ്പിച്ചാണ് സമയ വ്യത്യാസത്തോടെ മധുര ഗുരുവായൂർ ട്രെയിൻ സർവിസ് നടത്തുന്നത്.
ഗുരുവായൂർ- പുനലൂർ (16328), പുനലൂർ- ഗുരുവായൂർ( 16327), മധുര- ചെങ്കോട്ട (06663), ചെങ്കോട്ട - മധുര (06503), ചെങ്കോട്ട- കൊല്ലം (06659), കൊല്ലം -ചെങ്കോട്ട (0660) എന്നീ ട്രെയിനുകളാണ് യോജിപ്പിച്ച് മധുര -ഗുരുവായൂരായും തിരിച്ചും ഇന്നു മുതൽ സർവിസ് നടത്തുന്നത്.
കൊല്ലം- ചെങ്കോട്ട പാത മീറ്റർ ഗേജ് ആയിരുന്നപ്പോൾ പുനലൂരിനും ചെങ്കോട്ടക്കും ഇടയിൽ പാസഞ്ചർ അടക്കം ട്രെയിനുകൾ ഉണ്ടായിരുന്നു. തിരുനെൽവേലി, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളിൽനിന്നും കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന പാസഞ്ചറടക്കമുള്ളത് കിഴക്കൻ മേഖലയിലുള്ള വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും ഉൾപ്പെടെ ഗുണമായിരുന്നു. രാവിലെയും വൈകീട്ടും എല്ലാ വിഭാഗത്തിനും സൗകര്യമായിട്ടായിരുന്നു മുമ്പ് സർവിസ് ഉണ്ടായിരുന്നത്.
എന്നാൽ, കൊല്ലം -ചെങ്കോട്ട ബ്രോഡ്ഗേജ് ആക്കിയതോടെ ഈ പാസഞ്ചർ സർവിസുകൾ നിർത്തലാക്കി. പിന്നീട് എക്സ്പ്രസ് ട്രെയിനുകൾ ഈ പാതയിൽ വന്നെങ്കിലും കിഴക്കൻ മലയോര മേഖലയിലെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് പ്രയോജനമില്ലായിരുന്നു. പാലരുവി, താമ്പരം, വേളാങ്കണ്ണി- എറണാകുളം എന്നീ എക്സ്പ്രസുകളാണ് പുനലൂരിലും ചെങ്കോട്ടക്കുമിടയിൽ സർവിസ് ഉള്ളത്.
ഈ മേഖലയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പോലും ഇതിൽ പലതിനും സ്റ്റോപ്പ് ഇല്ല. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് കോവിഡിന് ശേഷം ചെങ്കോട്ട- കൊല്ലം പാസഞ്ചർ അനുവദിച്ചത്. ചെങ്കോട്ടയിൽനിന്നും പകൽ 11.40 ന് പുറപ്പെട്ട് കൊല്ലത്ത് 3. 55നും കൊല്ലത്തുനിന്ന് രാവിലെ 10. 15ന് പുറപ്പെട്ട് ചെങ്കോട്ടയിൽ ഉച്ചക്ക് രണ്ടിന് എത്തിച്ചേരുന്നതാണ് ഈ പാസഞ്ചറുകൾ.
മധുര-ഗുരുവായൂർ ട്രെയിൻ പാസഞ്ചറിന് സ്റ്റോപ് ഉണ്ടായിരുന്ന എല്ലാ സ്റ്റേഷനുകളിലും എക്സ്പ്രസ് നിർത്തുമെന്നത് ആശ്വാസമാണ്. മീറ്റർ ഗേജ് ആയിരുന്നപ്പോൾ കൊല്ലത്തിനും തിരുനെൽവേലിക്കും ഇടയിൽ ഉണ്ടായിരുന്ന പാസഞ്ചറുകൾ അടക്കം രാവിലെയും വൈകീട്ടും പുനരാരംഭിച്ചാൽ മാത്രമേ പുനലൂരിലും ആര്യങ്കാവിലും ഇടയിലുള്ള സ്ഥിരം യാത്രക്കാർക്ക് പ്രയോജനം ചെയ്യുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.