മണ്ഡലവ്രതം: പുനലൂരിലെ പൊലീസ് എയ്ഡ് പോസ്റ്റ് യാഥാർഥ്യമായില്ല
text_fieldsപുനലൂർ: ശബരിമല തീർഥാടനം തുടങ്ങി ഒരുമാസത്തോളമായിട്ടും പുനലൂർ ടി.ബി ജങ്ഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചില്ല. ഇതുകാരണം ഇടത്താവളമായ പുനലൂർ ടി.ബി ജങ്ഷനിൽ എത്തിച്ചേരുന്ന തീർഥാടകർ ഗതാഗതക്കുരുക്ക് അടക്കം പ്രശ്നങ്ങൾ നേരിടുന്നു.
ഇതരസംസ്ഥാനത്ത് നിന്ന് നിരവധി തീർഥാടകർ ഇടത്താവളമായ ടി.ബി ജങ്ഷനിൽ തങ്ങി വിശ്രമിച്ചും ആവശ്യമായ സാധനങ്ങൾ വാങ്ങിയുമാണ് പോകാറുള്ളത്. വൈകുന്നേരം തുടങ്ങുന്ന തിരക്ക് രാത്രി വൈകിയും അനുഭവപ്പെടും.
തീർഥാടകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ടി.ബി ജങ്ഷനിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാറുള്ളത്. ഇത്തവണ സീസൺ ആരംഭിക്കുന്നതിന് മുമ്പ് എം.എൽ.എയും മറ്റ് വിവിധ വകുപ്പ് അധികൃതരും പങ്കെടുത്ത അവലോകന യോഗത്തിൽ തുടക്കത്തിൽതന്നെ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിരുന്നു. ഇത് നടക്കാതായതോടെ പിന്നീട് കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ജില്ല വികസനസമിതി യോഗത്തിലും എയ്ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന് നിർദേശിച്ചെങ്കിലും നടന്നില്ല.
ക്രിസ്മസ് അവധിയും മകരവിളക്കും അടുത്തുവരുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തീർഥാടകരുടെ വരവ് വർധിക്കും. മിനി പമ്പ എന്നറിയപ്പെടുന്ന ഇവിടത്തെ കച്ചവടസ്ഥാപനങ്ങളുടെ ഇരുവശത്തും തീർഥാടകവാഹനങ്ങൾ നിർത്തിയിടുന്നതിനാൽ വലിയ തിരക്കും ദേശീയപാതയിൽ ഗതാഗതക്കുരുക്കുമാണ്. നിലവിൽ സാഹചര്യത്തിൽ ദിവസംമുഴുവനും വാഹനങ്ങൾ നിയന്ത്രിക്കാനും തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്തും എയ്ഡ് പോസ്റ്റ് അത്യാവശ്യമാണ്.
മതിയായ പൊലീസ് ഇല്ലാത്തതാണ് തടസ്സമായി അധികൃതർ പറയുന്നത്. എന്നാൽ ഇവിടുള്ള ചില സ്ഥാപനങ്ങളിലെ കച്ചവടം കുറയുമെന്ന് കണ്ടാണ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാത്തതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.