വേനൽക്കാല വിരുന്നുകാരായി ദേശാടന ശലഭങ്ങൾ എത്തി
text_fieldsപുനലൂർ: കാഴ്ചക്കാരിൽ ദൃശ്യവിരുന്ന് ഒരുക്കുന്ന ദേശാടന ശലഭങ്ങൾ മലയോര ഗ്രാമങ്ങളിൽ എത്തിത്തുടങ്ങി. കടുത്ത ചൂടിനിടയിലും പതിവ് തെറ്റാതെയാണ് ഇവയുടെ വരവ്. ആൽബട്രോസ് വർഗ്ഗത്തിൽപ്പെട്ട ‘തകര മുത്തി’യാണ് കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ അറുപതോളം ഇനം ദേശാടന ശലഭങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കേരളത്തിൽ പ്രധാനമായും മൊണാർക്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന തകരമുത്തി, നീലക്കടുവ, കരിനീല കടുവ, അരളി ശലഭം എന്നിവകളെയാണ് പ്രധാനമായും കാണപ്പെടുന്നത്. വേനൽ അവസാനിക്കുന്ന മുറക്കാണ് ഇവയുടെ വരവ്. നദി തീരങ്ങളിലെയും പാറക്കെട്ടുകളുടെയും നനവുള്ള ഭാഗങ്ങളിലും ആണ് ഇവ സാധാരണ കാണാറുള്ളത്. കൂട്ടമായി എത്തുന്ന ഇവ 50 മുതൽ 100 എണ്ണം വരെ ഉണ്ടാകും. ശിൽക്കാരത്തോടുള്ള ഇവയുടെ കൂട്ടമായ പറക്കലും തറയിൽ വന്നിരിക്കുന്നതും കാണാൻ മനോഹരമാണ്.
ആൺ ശലഭങ്ങൾക്ക് തൂവെള്ള നിറവും പെൺ ശലഭങ്ങളുടെ മുൻചിറകിന്റെ വശത്ത് കറുത്ത പ്രതലത്തിൽ വെളുത്ത പാടുകളും ഉണ്ട്. നിത്യഹരിത വനങ്ങളിലും തുറസായ സ്ഥലങ്ങളിലുമാണ് ഇവയെ കണ്ടു വരാറുള്ളത്.ഒരു ശലഭത്തിന് 60 മുതൽ 75 മില്ലി മീറ്റർ വരെ വലിപ്പമുണ്ടാകും. കാറ്റടിക്കുമ്പോഴോ മറ്റു ശബ്ദങ്ങൾ ഉണ്ടാകുമ്പോഴും ഒരിടത്ത് നിന്നും അടുത്തിടത്തേക്ക് പറന്നു മാറും.
ശെന്തുരുണി വന്യജീവി സങ്കേതത്തിലും കിഴക്കൻ മലയോരത്തും അപൂർവ ശലഭങ്ങൾ ധാരാളം ഉള്ളതിനാൽ തെന്മല ഇക്കോ ടൂറിസത്തിൽ ശലഭ പാർക്ക് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.