മിനിറ്റ്സ് വിവാദം: നഗരസഭയിൽ വിജിലൻസ് പരിശോധന
text_fieldsപുനലൂർ: മിനിറ്റ്സ് വിവാദം നടന്ന പുനലൂർ നഗരസഭ കാര്യാലയത്തിൽ നഗരകാര്യ വകുപ്പിന്റെ ആഭ്യന്തര (ഇന്റേണൽ) വിജിലൻസ് വിഭാഗം പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിെൻറ ഭാഗമായി പരാതിക്കാരായ യു.ഡി.എഫ് കൗൺസിലർമാർക്ക് കത്ത് നൽകി.
കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് എട്ടുമാസത്തോളം രേഖപ്പെടുത്താതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നത അധികൃതർക്ക് പരാതി നൽകിയിരുന്നു.
ആഭ്യന്തര വിജിലൻസ് ഓഫിസർ കൂടിയായ നഗരകാര്യ അസിസ്റ്റൻറ് ഡയറക്ടർ ജെ.ആര്. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാവിലെ പത്തോടെ നഗരസഭ ഓഫിസിൽ പരിശോധനക്ക് എത്തിയത്. പരാതിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ ഫയലുകളും രേഖകളും സംഘം പരിശോധിച്ചു.
യഥാസമയം രേഖപ്പെടുത്താത്ത മിനിറ്റ്സ് പിന്നീട് എഴുതിച്ചേർത്തപ്പോൾ ക്രമക്കേട് കാട്ടുന്നതിന് വേണ്ടി വ്യാജമായി ചേർത്തതായി പരാതിയിൽ പറഞ്ഞ 22 വിഷയങ്ങളെക്കുറിച്ചും വിജിലൻസ് സംഘം പരിശോധന നടത്തി അന്വേഷിക്കുമെന്ന് കാട്ടി യു.ഡി.എഫ് അംഗങ്ങൾക്ക് കത്ത് നൽകി.
മാർച്ച് പകുതിക്ക് ശേഷം ചേർന്ന കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് നഗരസഭയിൽ രേഖപ്പെടുത്തിയിെല്ലന്നും പല അവസരങ്ങളിലും മിനിറ്റ്സിനുവേണ്ടി നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും നൽകാൻ കൂട്ടാക്കിയില്ല എന്നും കാട്ടി നവംബർ പത്തിന് ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം സംഘർഷത്തിലും സത്യഗ്രഹത്തിലും അറസ്റ്റിലും എത്തിച്ചു.
മിനിറ്റ്സ് ലഭ്യമാക്കിയശേഷം സമരം അവസാനിപ്പിച്ച പ്രതിപക്ഷഅംഗങ്ങൾ തദ്ദേശസ്വയംഭരണ സെക്രട്ടറി, നഗരകാര്യ ഡയറക്ടർ എന്നിവര്‍ക്ക് പരാതി നല്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ പോരായ്മകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും പരാതി നല്കിയ അംഗങ്ങള്‍ നേരില്‍ ഹാജരായി മൊഴി നല്‍കാനും ഉള്ള കത്ത് നഗരസഭ സെക്രട്ടറി മുഖേന വിജിലന്‍സ് കൈമാറി. വ്യാഴാഴ്ച വൈകീട്ടാണ് പരിശോധന അവസാനിച്ചത്.
സാമ്പത്തികതട്ടിപ്പിനാണ് കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്താതിരുന്നതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് വ്യാജമായി ഒട്ടനവധി കാര്യങ്ങൾ കൂട്ടിച്ചേർത്ത് മിനിറ്റ്സ് തയാറാക്കിയതായും യു.ഡി.എഫുകാർ ആരോപിച്ചു.
നഗരസഭ സെക്രട്ടറി കൈകാര്യം ചെയ്യേണ്ട നഗരസഭ അക്കൗണ്ട് ഒരു കൗൺസിലറുടെ പേരിൽ ഒരു ബാങ്കിൽ ആരംഭിച്ച് സെക്രട്ടറിയുടെ പേരിൽ വന്ന തുക മാറിയെടുത്തെന്നും പരാതിയുണ്ട്. നഗരസഭകെട്ടിടം ഉപയോഗിക്കാതെ ബന്ധുവിന്റെ കെട്ടിടം ആരോഗ്യകേന്ദ്രത്തിന് വാടകക്ക് എടുത്ത് സർക്കാർ നിശ്ചയിച്ചതിെനക്കാൾ കൂടുതൽ തുക വാടക നൽകാൻ വേണ്ടി മിനിറ്റ്സില്‍ തിരിമറി നടത്തി. സർക്കാർ ഉത്തരവുകളെ മറികടന്ന് അനവധി താൽക്കാലിക നിയമനങ്ങൾ നടത്തി പണം സമ്പാദിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്നും ഇത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജി. ജയപ്രകാശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.