പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടി; അധ്യാപകരില്ല
text_fieldsപുനലൂർ: കിഴക്കൻ മേഖലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികളിൽ കാര്യമായ വർധന. എന്നാൽ, മിക്ക സ്കൂളുകളിലും അധ്യാപകരുടെ ക്ഷാമം ഉള്ളതിനാൽ തുടക്കത്തിൽ താൽക്കാലികക്കാരെ നിയമിച്ച് ക്ലാസുകൾ നടത്തേണ്ടിവരും.
പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ 53 എൽ.പി, യു.പി സ്കൂളുകളിലായി ബുധനാഴ്ച വരെ കഴിഞ്ഞ വർഷത്തെക്കാൾ 10 ശതമാനം വരെ കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടി. ഗവ, എയ്ഡഡ് സ്കൂൾ വ്യത്യാസമില്ലാതെ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. സ്കൂൾ തുറക്കാൻ ഒരാഴ്ച കൂടി ശേഷിക്കേ ഇനിയും കുട്ടികളുടെ എണ്ണം കൂടുമെന്നാണ് അധികൃതർ പറയുന്നത്.
സ്കൂളുകളിലെ ഭൗതിക സൗകര്യം മെച്ചമായതും കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ കുട്ടികളെ അൺ എയ്ഡഡിൽനിന്ന് പൊതുസ്കൂളുകളിലേക്ക് മാറ്റുന്നതിന് രക്ഷാകർത്താക്കളെ പ്രേരിപ്പിക്കുന്നു.
ഗവ. സ്കൂളുകളിൽ തൊളിക്കോട് എൽ.പി.എസിലാണ് ഇത്തവണയും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നത്. കുട്ടികൾ കൂടുന്നതനുസരിച്ച് പലയിടത്തും ക്ലാസ് സംവിധാനം ഇല്ലാത്തതും സ്കൂൾ അധികൃതരെ കുഴക്കുന്നു.
അധ്യാപകരുടെ കുറവ് പരിഹരിക്കാൻ തുടക്കത്തിൽതന്നെ നടപടി സ്വീകരിക്കാൻ നിർദേശമുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ പല സ്കൂളുകളിലും താൽക്കാലിക നിയമനത്തിനുള്ള ഇൻറർവ്യൂ നടക്കും. മറ്റു ഭൗതിക സൗകര്യങ്ങൾ വിലയിരുത്താൻ ഉപജില്ലയിലേയും ബി.ആർ.സിയിലേയും ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച മുതൽ സ്കൂളുകളിൽ സന്ദർശനം തുടങ്ങി.
ഏറ്റവും കൂടുതൽ അധ്യാപക ഒഴിവ് പുനലൂരിൽ
പുനലൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രൈമറി വിഭാഗത്തിൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ അധ്യാപകരുടെ ഒഴിവുള്ളത് പുനലൂർ ഉപജില്ലയിൽ. 53 എൽ.പി, യു.പി സ്കൂളുകളുള്ളതിൽ 65 ഓളം സ്ഥിരംഅധ്യാപക ഒഴിവുണ്ട്. യു.പി സ്കൂളുകളിൽ ഒഴിവില്ലെങ്കിലും എൽ.പി.എസിലെ ഒഴിവ് താൽക്കാലികക്കാരെകൊണ്ട് നികത്താനാണ് തീരുമാനം.
കഴിഞ്ഞ വർഷങ്ങളായുള്ള ഒഴിവ് കൂടാതെ ഈ വർഷത്തെ വിരമിക്കൽ കൂടിയായപ്പോൾ മിക്ക സ്കൂളുകളിലും ഒന്നും രണ്ടും അധ്യാപകരുടെ ഒഴിവ് വരുകയായിരുന്നു. കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ രണ്ടു വർഷവും ഭാഗികമായി മാത്രം സ്കൂളുകൾ പ്രവർത്തിച്ചിരുന്നതിനാൽ അധ്യാപകരുടെ ഒഴിവ് കാര്യമായി ബാധിച്ചില്ല. നിലവിലുള്ള അധ്യാപകർ മറ്റ് ഒഴിവുള്ള ക്ലാസുകളിലേയും പാഠഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്നു.
എന്നാൽ, ഇത്തവണ ജൂൺ ഒന്നിനുതന്നെ സ്കൂളുകൾ തുറക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയതും അധ്യാപകരുടെ കുറവ് കാര്യമായി ബാധിക്കും. ഇത് മുന്നിൽ കണ്ട് താൽക്കാലിക അധ്യാപകരെ നിയമിച്ച് കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയതായി പുനലൂർ എ.ഇ.ഒ ആർ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഈ മാസം 31നകം താൽക്കാലിക്കാരെ നിയമിക്കാനുള്ള ഇന്റർവ്യൂ സ്കൂളുകളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.