മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയം ഉടൻ തുറക്കും
text_fieldsപുനലൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരു മത്സരം പോലും നടത്താതെ 13 മാസമായി അടച്ചിട്ട് നാശത്തിലായിരുന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയം വീണ്ടും തുറക്കാൻ നീക്കം. ഇതിന്റെ മുന്നോടിയായി സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധികൾ പുനലൂരിലെത്തി നഗരസഭ അധികൃതർക്കൊപ്പം സ്റ്റേഡിയം സന്ദർശിച്ച് നിലവിലെ അവസ്ഥ വിലയിരുത്തി. തുടർന്ന് നഗരസഭയിൽ നടത്തിയ അവലോകന യോഗത്തിലാണ് സ്റ്റേഡിയം പ്രവർത്തിപ്പിക്കാൻ തീരുമാനം ഉണ്ടായത്.
ചെമ്മന്തൂരിൽ കിഫ്ബിയുടെ 5.63 കോടി രൂപ ചെലവിട്ട് സംസ്ഥാന കായിക വകുപ്പാണ് സ്റ്റേഡിയം നിർമിച്ചത്. കിറ്റ്കോക്കായിരുന്നു നിർമാണ ചുമതല. ജില്ല സംസ്ഥാന തല മത്സരങ്ങൾ നടത്താൻ കഴിയുന്ന നിലയിലുള്ള സ്റ്റേഡിയമാണ്. പലവിധമായ കാരണങ്ങളാൽ നിർമാണം വർഷങ്ങൾ നീണ്ടു.
രണ്ടു ബാഡ്മിന്റൺ കോർട്ട്, ഓരോ വോളിബാൾ, ബാസ്കറ്റ്ബാൾ കോർട്ട് തുടങ്ങിയവ ഉൾപ്പെടുന്നതാണ് സ്റ്റേഡിയം. പൂർത്തീകരണ ശേഷം 2023 ജൂൺ 14ന് മന്ത്രി വി. അബ്ദുറഹുമാൻ ഉദ്ഘാടനം ചെയ്തു. എന്നാൽ, ഇതുവരെ ഒരു മത്സരം പോലും നടത്തിയിട്ടില്ല. മതിയായ സംരക്ഷണമില്ലാതെ കോർട്ട് ഇതിനകം നാശത്തിലായി. ചെറിയ അറ്റകുറ്റപ്പണിയും സംരക്ഷണ ചുമതല സംബന്ധിച്ച തർക്കവുമാണ് അടച്ചിടാൻ ഇടയാക്കിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് കോർട്ട് സജീവമാക്കാൻ അധികൃതർ തയാറാകുന്നത്.
ജനറേറ്റർ റൂമിന്റെ റൂഫിംഗ് മറ്റ് അനുബന്ധപ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് കിറ്റ്ക്കോയെ ചുമതലപ്പെടുത്തി. 25നകം പ്രവൃത്തികൾ പൂർത്തിയാക്കി 29ന് അവലോകനയോഗം ചേരും. ടെൻഡർ സേവിങ്സ് തുക ഉപയോഗിച്ച് 43 ലക്ഷം രൂപയുടെ പോർട്ടബിൾ എക്യുപ്മെന്റും അടിയന്തര ജോലികളും പൂർത്തിയാക്കും. സെപ്റ്റംബർ രണ്ടാം വാരത്തോടുകൂടി ഇൻഡോർ സ്റ്റേഡിയം പ്രവർത്തിച്ചു തുടങ്ങുമെന്ന് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ അധ്യക്ഷ കെ. പുഷ്പലത അറിയിച്ചു.
വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ പിള്ള, വസന്ത രഞ്ജൻ, മുൻ വൈസ് ചെയർമാൻമാരായ വി.പി. ഉണ്ണികൃഷ്ണൻ, ഡി. ദിനേശൻ, എം.എൽ.എയുടെ പ്രതിനിധി അജയൻ, നിർവഹണ ഏജൻസിയായ കിറ്റ്കോയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.