പുനലൂരിൽ തെരുവുനായ് വന്ധ്യംകരണം തുടങ്ങി; ആദ്യ ദിവസം 22 നായ്ക്കളെ പിടികൂടി
text_fieldsപുനലൂർ: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പുനലൂർ നഗരസഭയിൽ വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചു. ഒരുമാസം കൊണ്ട് നഗരസഭ പ്രദേശങ്ങളിലെ മുഴുവൻ തെരുവുനായ്ക്കളിലും എ.ബി.സി ആൻഡ് എ.ആർ പദ്ധതി നടപ്പാക്കുന്നതാണ് പദ്ധതി.
ആദ്യ ദിവസം 22 നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി. ശസ്ത്രക്രിയക്കുശേഷം മൂന്നു ദിവസം നിരീക്ഷിക്കും. മറ്റ് ബുദ്ധിമുട്ടില്ലാത്തവക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം തിരിച്ചറിയാനുള്ള അടയാളമിട്ട് പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടും.
നഗരസഭയിൽ കലയനാട് ഭാഗത്തുനിന്ന് ഞായറാഴ്ച 22 നായ്ക്കളെ പ്രത്യേക സംഘം പിടികൂടി. പരിശീലനം ലഭിച്ച നാലംഗ സംഘമാണ് കുടുക്കിട്ട് പിടിക്കുന്നത്. നഗരസഭ ഓഫിസിനു സമീപം പഴയ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് കെട്ടിട വളപ്പിലാണ് ഇവകളെ പാർപ്പിക്കുന്നത്. ഇതിനായി നാല് ഇരുമ്പുകൂടുകൾ തയാറാക്കി.
ശസ്ത്രക്രിയയും ഇവിടെ വെച്ചാണ്. നായ്ക്കൾക്ക് ആഹാരവും വെള്ളവും നൽകുന്നതിനുള്ള സംവിധാനവുമൊരുക്കി. പുനലൂർ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.ആർ. സന്തോഷിന്‍റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഡോ. ഷിജു ഷാജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ശസ്ത്രക്രിയ അടക്കം നടത്തുന്നത്. ഒരുമാസം കൊണ്ട് 110 നായ്ക്കളെ പിടികൂടി എ.ബി.സി പദ്ധതി നടപ്പാക്കും.
ഇതിനായി നഗരസഭ ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച വളർത്തു നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി ഉടമക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.