കുടിവെള്ളം മുടക്കം; പുനലൂരിലെ ജല അതോറിറ്റി ഓഫിസ് പൂട്ടണമെന്ന് നഗരസഭ
text_fieldsപുനലൂർ: നഗരസഭയിലെ കുടിവെള്ളം മുടങ്ങുന്നത് പരിഹരിക്കാൻ കഴിയാത്ത ജല അതോറിറ്റി ഓഫിസ് പൂട്ടണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ട് നഗരസഭ രംഗത്ത്. ജല അതോറിറ്റി പുനലൂർ അസി.എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും ഉൾപ്പെടെ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയത്.
ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തിങ്കളാഴ്ച പുനലൂർ അസി.എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലെത്തി പതിവായി വെള്ളം മുടങ്ങുന്നതിൽ പ്രതിഷേധം അറിയിച്ച ശേഷമാണ് ഇങ്ങനെയൊരു ഓഫിസ് ഞങ്ങൾക്ക് വേണ്ടന്നും ഇത് പൂട്ടണമെന്നും മന്ത്രിയെ അടക്കം ഫോണിൽ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ 11ഓടെ ചെയർപേഴ്സൺ അടക്കം ഓഫിസിലെത്തി. എന്നാൽ, ഇവിടെ പരാതി പറയാൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ ഇല്ലാത്തതിനാൽ പ്രതിഷേധക്കാർ ഈ ഓഫിസിൽ കുത്തിയിരുന്നത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി.
രണ്ടുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനുശേഷം ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. കുടിവെള്ളം മുടങ്ങുന്നത് ചൊവ്വാഴ്ച രാവിലെയോടെ അടിയന്തരമായി പരിഹരിക്കാമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ പിന്മാറുകയായിരുന്നു.
കെ.എസ്.ടി.പിയുടെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയായി പുനലൂരിൽ കുടിവെള്ളം മുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച് നഗരസഭ അധികൃതർ കെ.എസ്.ടി.പി, ജല അതോറിറ്റി അധികൃതരും സംയുക്തയോഗം രണ്ടാഴ്ച മുമ്പ് ചേർന്നു.
കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പ് നൽകിയതാണ്.ഹൈസ്കൂൾ ജങ്ഷനിലെ സംഭരണിയിൽനിന്നുള്ള പ്രധാന പൈപ്പ് റോഡ് പണിക്കാർ തകർത്തതാണ് വെള്ളം മുടങ്ങാനിടയാക്കിയത്. ഇവിടെ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിൽ ജല അതോറിറ്റി അധികൃതരുടെ മേൽനോട്ടമില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
നിശ്ചിത സമയത്തിന് പൈപ്പ് ലൈനിൽ വെള്ളം കിട്ടാതായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി റോഡ് പണി തടഞ്ഞു. രണ്ടുദിവസത്തിനകം വെള്ളം വിതരണം നടത്തുമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് സമരക്കാർ പിന്മാറിയത്.
രണ്ടു ദിവസമായി രാപകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി തിങ്കളാഴ്ച വെള്ളം വിതരണം തുടങ്ങി. എന്നാൽ, നഗരസഭയിലെ മിക്കയിടങ്ങളിലും വെള്ളം വന്നില്ല. കൂടാതെ നെല്ലിപ്പള്ളിയിൽ പൈപ്പ് പൊട്ടി ഈ മേഖലയിലും വെള്ളം മുടങ്ങി.
ഇതോടെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെതുടർന്ന് ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൗൺസിലർമാർ നെല്ലിപ്പള്ളിയിലെത്തി. എന്നാൽ, ജല അതോറിറ്റി അധികൃതരാരും അവിടെ ഇല്ലായിരുന്നു.
ഇതോടെ നഗരസഭ അധികൃതർ ജല അതോറിറ്റി എ.എക്സി ഓഫിസിലെത്തി ബഹളമുണ്ടാക്കി. എന്നാൽ, ഇവിടെ എ.എക്സി അടക്കം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് പുനലൂർ പൊലീസും എത്തി. നഗരസഭ അധികൃതർ എ.എക്സിയെ ഫോണിൽ ബന്ധപ്പെട്ടു.
അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഈ ഓഫിസ് പൂട്ടുകയാണെന്ന് അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യാതെ ഈ ഓഫിസിൽനിന്ന് പിന്മാറില്ലെന്ന് അറിയിച്ച് ഇവർ എ.ഇയുടെ ഓഫിസിൽ കുത്തിയിരുന്നു. ഒരു മണിക്കൂറിനുശേഷം ജല അതോറിറ്റി പത്തനാപുരം എ.ഇ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ചൊവ്വാഴ്ച രാവിലെ പൂർണമായും വെള്ളം വിതരണം ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇവർ പിന്മാറിയില്ല. ഇതിനിടെ വകുപ്പ് മന്ത്രിയുടെ ഓഫിസുമായും വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. ഇങ്ങനെ ഒരു ഓഫിസ് ഞങ്ങൾക്ക് വേണ്ടെന്നും അറിയിച്ചു.
തുടർന്നാണ് മന്ത്രി നഗരസഭ അധികൃതരുമായി സംസാരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉച്ചക്ക് ഒന്നരയോടെ നഗരസഭ അധികൃതർ വാട്ടർ അതോറിറ്റി ഓഫിസിൽനിന്ന് പിന്മാറിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി.എ. അനസ്, വസന്ത രഞ്ചൻ, കൗൺസിലർമാരായ നിർമല സത്യൻ, ഷെമി അസീസ്, അജിത, പ്രിയപിള്ള, ശ്രീജ പ്രസാദ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.