കുടിവെള്ളം മുടക്കം; താലൂക്കാശുപത്രിയിലടക്കം ജനം ദുരിതത്തിൽ
text_fieldsപുനലൂർ: ജല അതോറിറ്റിയുടെ കുടിവെള്ളം പതിവായി മുടങ്ങുന്നത് പട്ടണത്തിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയായി പലപ്പോഴും വെള്ളം ലഭിക്കാതായത് താലൂക്കാശുപത്രിയുടെ പ്രവർത്തനത്തെ അടക്കം ബുദ്ധിമുട്ടിച്ചു.
കെ.എസ്.ടി.പിയുടെ റോഡ് നവീകരണം നടക്കുന്നതിനാൽ പട്ടണത്തിലെ നെല്ലിപ്പള്ളി മേഖലയിൽ മാസങ്ങളായി പൈപ്പ് വെള്ളം ലഭിക്കുന്നില്ല. കൂടാതെ പ്രധാന ലൈനുകൾ പലയിടത്തും പൊട്ടുന്നതും ഇതിന്‍റെ അറ്റകുറ്റപ്പണി വരുന്നതും കാരണം മറ്റിടങ്ങളിലും മിക്കപ്പോഴും കുടിവെള്ളം മുടങ്ങുന്നു.
ഹൈസ്കൂൾ ജങ്ഷനിൽനിന്നുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്നാണ് പട്ടണത്തിൽ വെള്ളം എത്തിക്കുന്നത്. പ്രധാന ലൈൻ കടന്നുപോകുന്ന ഈ ഭാഗത്ത് റോഡിലും വശത്തും പണിനടക്കുന്നതിനാൽ പൈപ്പുകൾക്ക് നാശം നേരിടുന്നത് വെള്ളം മുടങ്ങാൻ പ്രധാന കാരണമാണ്.
ഈ ഭാഗത്തെ പണികൾ വേഗത്തിൽ പൂർത്തിയാക്കി ജലവിതരണത്തിനുള്ള തടസ്സം മാറ്റണമെന്ന് കഴിഞ്ഞയാഴ്ചയും നഗരസഭ അധികൃതർ സംയുക്തയോഗം കൂടി കെ.എസ്.ടി.പി, ജല അതോറിറ്റി അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ഇതിനുശേഷവും വെള്ളം മുടങ്ങുന്നത് ഒഴിവാകുന്നില്ല.പതിവായി വെള്ളം മുടങ്ങുന്നത് ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന താലൂക്കാശുപത്രി പോലുള്ള സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
വെള്ളം മുടങ്ങിയത് കാരണം ആശുപത്രിയിൽ നേരത്തേ മഴവെള്ളം സംഭരിച്ചിരുന്നത് ഉപയോഗിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്. പേ വാർഡിൽ വെള്ളം ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ ഇവിടെ മുറികൾ എടുത്തിരിക്കുന്നവർ ഏറെ ബുദ്ധിമുട്ടിലായി.
കെ.എസ്.ടി.പിയുടെ നിരുത്തരവാദപരമായ നടപടിയാണ് പല ദിവസങ്ങളിലും വെള്ളം മുടങ്ങുന്നതിന് ഇടയാക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ടി.ബി ജങ്ഷൻ മുതൽ നെല്ലിപ്പള്ളിവരെയുള്ള റോഡ് പണി അടിയന്തരമായി പൂർത്തിയാക്കാൻ കെ.എസ്.ടി.പി അധികൃതർ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.