എക്കൽ നീക്കുന്നില്ല: പരപ്പാർ ഡാമിന്റെ സംഭരണശേഷി കുറയുന്നു
text_fieldsപുനലൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർഷിക ജലസേചന പദ്ധതിയായ കല്ലടയിലെ തെന്മല പരപ്പാർ ഡാമിൽ എക്കലടിഞ്ഞു സംഭരണശേഷി വൻതോതിൽ താഴ്ന്നു. അടുത്തകാലത്തായി വേനൽക്കാലത്ത് ഇതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സംഭരണശേഷി കുറഞ്ഞതോടെ, മഴക്കാലത്ത് സുരക്ഷ കണക്കിലെടുത്ത് വെള്ളം തുറന്നുവിടലാണ് പതിവ്. ഇത് കാരണം ആവശ്യത്തിന് വെള്ളം സംഭരിക്കാനാകാറില്ല. 115.82 മീറ്റർ സംഭരണശേഷിയിൽ നാലിലൊന്നോളം കുറഞ്ഞതായാണ് അനൗദ്യോഗിക കണക്ക്.
ഡാം നിർമിച്ച് 50 വർഷം പിന്നിട്ടെങ്കിലും ഇതുവരെയും എക്കൽ നീക്കിയിട്ടില്ല. പ്രളയങ്ങളും വെള്ളപ്പൊക്കവും കാരണം ഡാമിൽ വൻതോതിൽ എക്കലടിഞ്ഞിട്ടുണ്ട്. വർഷങ്ങൾ മുമ്പ് സാറ്റലൈറ്റ് റിമോട്ട് സെൻസിങ്ങിലൂടെ ഡാമിന്റെ ആഴം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ജലസേചന വകുപ്പിന്റെ പീച്ചിയിലുള്ള ഗവേഷണ വിഭാഗം കഴിഞ്ഞ വർഷം അടക്കം പലതവണ സർവേ നടത്തി. എക്കൽ കാരണം ഡാമിന്റെ ആറുശതമാനം ജലസംരക്ഷണശേഷി കുറഞ്ഞെന്നാണ് സർക്കാറിന് റിപ്പോർട്ട് നൽകിയത്.
അഞ്ചുവർഷം മുമ്പ് മുന്നൂറ് കോടിയുടെ മണൽ ശേഖരം ഡാമിൽ ഉണ്ടെന്ന് കണക്കാക്കിയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഈ മണ്ണ് നീക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം നടന്നില്ല. ഡാമിലെ മണ്ണ് ലേലം ചെയ്യാൻ തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഡാം സ്ഥിതിചെയ്യുന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ആയതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്ന തടസ്സം.
വേനൽക്കാലം ആകുമ്പോൾ ഡാമിലെ വെള്ളം പെട്ടെന്ന് താഴുന്നതിനാൽ കനാലുകളിൽകൂടി വെള്ളം ഒഴുക്കാൻ കഴിയാതാവുന്നു. ഇതുകാരണം കല്ലട പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം നേടാനാകുന്നില്ല. 1983ന് സമാനമായ ഈ വേനലിൽ വെള്ളം വലിയ തോതിൽ താഴ്ന്നതോടെ ഡാമിന്റെ പ്രധാന ഭാഗങ്ങളെല്ലാം എക്കൽ തെളിഞ്ഞുകഴിഞ്ഞു. ഡാമിലെ പ്രധാന ജലസ്രോതസ്സുകളായ കുളത്തൂപ്പുഴയാറ്, ശെന്തുരുണിയാറ്, കഴുതട്ടിയാറ് എന്നിവയുടെ സംഗമസ്ഥലങ്ങളിലും വൻതോതിൽ എക്കലടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.