കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർക്ക് ക്ഷേത്ര മതിൽ ശരണം
text_fieldsപുനലൂർ: തിരക്കേറിയ കഴുതുരുട്ടിയിൽ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതുമൂലം യാത്രക്കാർ ആശ്രയിക്കുന്നത് ക്ഷേത്ര മതിൽ. ദേശീയപാതയിൽ കഴുതുരുട്ടിയിൽ പുനലൂർ ഭാഗത്തേക്ക് വരുന്ന യാത്രക്കാരാണ് ജീവൻ പണയംവെച്ച് പാതയോരത്തുള്ള ക്ഷേത്രത്തിന്റെ അരമതിലിൽ കാത്തിരിക്കുന്നത്.
ഏതു സമയത്തും തിരക്ക് അനുഭവപ്പെടുന്നതാണ് ബസ് സ്റ്റോപ്. നെടുമ്പാറ, അമ്പനാട്, പ്രിയ എസ്റ്റേറ്റ് തുടങ്ങിയ തോട്ടം മേഖലയിലുള്ളവരും മറ്റ് നാട്ടുകാരും തെന്മല, കുളത്തൂപ്പുഴ, പുനലൂർ ഭാഗത്തേക്ക് ഇവിടെനിന്നാണ് ബസ് കയറുന്നത്. വളവും ഇറക്കവും ചേർന്നതും വാഹനങ്ങളുടെയടക്കം എപ്പോഴും തിരക്കേറിയ ഭാഗമാണിവിടം. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ ജങ്ഷനിലെത്തിയാൽ ബസ് കാത്ത് നിൽക്കുന്ന ഭാഗം ചേർന്നാണ് കടന്നുപോകുന്നത്.
അടുത്തിടെ ചരക്ക് ലോറി ക്ഷേത്രമതിലിലും കെ.എസ്.ആർ.ടി.സി അടക്കം നാലു വാഹനങ്ങളിലും ഇടിച്ച് വലിയ അപകടമുണ്ടായി. ഈ സമയം യാത്രക്കാർ ബസിലേക്ക് കയറുന്ന സമയമായതിനാൽ ലോറി മതിലിലിടിച്ചപ്പോൾ ആളാപായമില്ലാതെ രക്ഷപ്പെട്ടു.
തോട്ടം മേഖലയുടെ കവാടമായ കഴുതുരുട്ടിയിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന് ഏറെക്കാലമായി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ഇതേ പാതയിൽ പലയിടത്തും ആവശ്യമില്ലാത്ത നിലയിൽ ജനപ്രതിനിധികളുടെ വികസന ഫണ്ട് ഉപയോഗിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.