നാലുവർഷമായിട്ടും തുറന്നില്ല; പാലരുവിയിൽ കുട്ടികളുടെ പാർക്ക് നശിച്ചു
text_fieldsപുനലൂർ: കുട്ടികൾക്കായി പാലരുവിയിൽ നിർമിച്ച പാർക്ക് നാലുവർഷമായിട്ടും തുറന്നുകൊടുത്തില്ല. വൻതുക മുടക്കി നിർമിച്ച പാർക്ക് നശിച്ചു. പാലരുവിയിൽ എത്തുന്ന കുട്ടികളെ ആകർഷിക്കാൻ വേണ്ടി കടുവാപ്പാറയിലാണ് വനം വകുപ്പ് പാർക്ക് നിർമിച്ചത്.
പ്രധാന വെള്ളച്ചാട്ടത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും കുളിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കടുവാപ്പാറയിലെ പാർക്ക് ഇവർക്കായി പ്രയോജനപ്പെടുത്താനാണ് പാർക്ക് നിർമിച്ചത്. പാലരുവിയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം തോടിന് കുറുകെ തടഞ്ഞുനിർത്തി കുട്ടികൾക്ക് അപകടരഹിതമായി കുളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്. സമീപമുള്ള മലകളുടെയും ഉയരത്തിലുള്ള പാറക്കെട്ടുകളും ചേർന്ന സ്ഥലമാണ് കടുവപാറ. പാറക്കിനോട് ചേർന്ന് കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ കാൻറീൻ അടക്കം സംവിധാനങ്ങളും ഒരുക്കിയിരുന്നു. നാലുവർഷമായി മണ്ണ് മൂടി തടാകം ഇതിനകം നികന്നുകഴിഞ്ഞു.
കഴിഞ്ഞ പ്രളയത്തോടെ പാർക്കിന്റെ മിക്കഭാഗവും തകർന്നു. ഇനിയും വൻതുക മുടക്കിയാലേ പാർക്ക് പ്രയോജനപ്പെടുത്താനാകൂ. പാലരുവിയിലേക്ക് വിനോദസഞ്ചാരികളെ വനംവകുപ്പിന്റെ ബസിലാണ് കൊണ്ടുപോകുന്നത്. ഇതിനിടയിലാണ് പാർക്കുള്ളത്. ഇവിടെ ബസ് നിർത്തി ആളുകളെ ഇറക്കാൻ അധികൃതർ തയാറാകാത്തതോടെ പാർക്ക് നിർമിച്ചതും വെറുതെയായി. ഇതിനായി ചെലവിട്ട വൻതുക പാഴാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.