പ്ലാച്ചേരിയിലെ ഫ്ലാറ്റിനായി കുടുംബങ്ങളെ ഒഴിപ്പിക്കാൻ നോട്ടീസ്
text_fieldsപുനലൂർ: പ്ലാച്ചേരിയിൽ സർക്കാർ നിർമിക്കുന്ന ഫ്ലാറ്റിന്റെ സൗകര്യത്തിനായി സമീപത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ പുനലൂർ നഗരസഭ. ഒഴിയാനുള്ള നോട്ടീസ് നൽകി. ഭൂരഹിത- ഭവനരഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി നിർമാണം ആരംഭിച്ചതാണ് പ്ലാച്ചേരിയിലെ ഫ്ലാറ്റ്.
മുഖ്യമന്ത്രി പിണറായി വിജയൻ 2017 മാർച്ചിൽ ശിലാസ്ഥാപനം നടത്തിയ ഫ്ലാറ്റ് നിർമാണമാണ് ഇപ്പോൾ വിവാദത്തിലായത്. പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയിൽനിന്ന് മുമ്പ് നഗരസഭ വിലക്ക് വാങ്ങിയ ഭൂമിയിലാണ് കെട്ടിടം നിർമാണം ആരംഭിച്ചത്.
എന്നാൽ, നിർമാണത്തിലെ അപാകതമൂലം കെട്ടിടത്തിന്റെ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് സ്ഥലം തികയാതെ വന്നു. ഇതുകാരണം സെപ്റ്റിക്ക് ടാങ്ക് നിർമിക്കാൻ ഇടമില്ലാതായി. ഇത് കണക്കിലെടുത്താണ് ഫ്ലാറ്റിന് സമീപത്തെ വാംബെ കോളനിയിലെ ഭൂമി എടുക്കാൻ നഗരസഭ നീക്കം നടത്തുന്നത്. ഇവിടത്തെ ഏതാനും കുടുംബങ്ങൾ ഒരാഴ്ചക്കുള്ളിൽ വീട് ഉപേക്ഷിച്ച് പോകാനാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.
2004ൽ കൈവശരേഖയുടെ അടിസ്ഥാനത്തിൽ ഭൂമി ലഭിച്ച ഇവർക്ക് നഗരസഭ വാംബെ പദ്ധതി പ്രകാരം വീട് നിർമിക്കാൻ തുക നൽകിയിരുന്നു. അതോടൊപ്പം കൈവശമുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും ചെലവഴിച്ച് വീട് നിർമിച്ച നിർധന കുടുംബങ്ങളാണ് ഇപ്പോൾ പെരുവഴിയിലാകുന്നത്.
ഒഴിയുന്നവരുടെ പുനരധിവാസം ഉൾപ്പെടെ ഒരു നിർദേശവും നഗരസഭ നൽകിയിട്ടില്ല. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭ വേണ്ടത്ര പരിശോധന നടത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നാൽ, ഒഴിപ്പിക്കൽ സംബന്ധിച്ച് പ്രതികരിക്കാൻ നഗരസഭ സെക്രട്ടറി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.