മേയ് ദിനത്തിലും സേവനതൽപരരായി ഉദ്യോഗസ്ഥർ: പേപ്പർ മിൽ പട്ടയം തയാറാക്കുന്നതിൽ മുഴുകി താലൂക്ക് ഓഫിസ് സംഘം
text_fieldsപുനലൂർ: ലോക തൊഴിലാളി ദിനവും പെരുന്നാൾ അവധിയുമെല്ലാം മറന്ന് പേപ്പർ മിൽ പട്ടയം തയാറാക്കുന്നതിൽ വ്യാപൃതരായി പുനലൂർ താലൂക്ക് ഓഫിസിലെ പട്ടയമെഴുത്ത് സംഘം. തഹസിൽദാറടക്കം 31അംഗ പ്രത്യേക സംഘത്തിന് ഈ വർഷത്തെ മേയ്ദിന അവധിയും പെരുന്നാൾ ആഘോഷവുമെല്ലാം പേപ്പർ മിൽ മേഖലയിൽ പതിറ്റാണ്ടായി പട്ടയത്തിന് കാത്തിരിക്കുന്ന നൂറുകണക്കിനായ കൈവശക്കാർക്കൊപ്പമാണ്.
മേയ് 18ന് മുഖ്യമന്ത്രി നിർവഹിക്കുന്ന പട്ടയ വിതരണം മേളയിൽ വിതരണം ചെയ്യാനുള്ള പട്ടയം തയാറാക്കുക എന്നതാണ് അവധിക്കപ്പുറമുള്ള ഇവരുടെ ആഘോഷം. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ, അവധി ഒഴിവാക്കി പട്ടയം തയാറാക്കുന്നതിന് 31അംഗ സംഘത്തെ തഹസിൽദാർ നിയോഗിക്കുകയായിരുന്നു. മേയ് ദിനമായ ഞായറും പെരുന്നാൾ അവധിയായ തിങ്കളുമെല്ലാം പട്ടയം എഴുതിയാലേ സമയത്തിന് പട്ടയ വിതരണം നടക്കുകയുള്ളൂവെന്നത് കണക്കിലെടുത്താണിത്. ഈ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സംഘത്തിന്റെ ഡ്യൂട്ടി സമയം.
പുനലൂർ താലൂക്കിൽ 563, പത്തനാപുരത്ത് 191 കൈവശക്കാരും ഉൾപ്പെടെ 754 പട്ടയമാണ് വിതരണം ചെയ്യുന്നത്. ഇതിൽ പുനലൂർ താലൂക്കിൽ കൈവശക്കാരുടെ അസൈൻമെന്റ് ഓർഡർ തയാറാക്കൽ കഴിഞ്ഞ ദിവസം പൂർത്തിയായി. തുടർന്നാണ് ഞായറാഴ്ച മുതൽ പട്ടയം എഴുതിത്തുടങ്ങിയത്. ഓരോ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ ആറംഗങ്ങൾ വീതം ഉൾപ്പെട്ട നാല് സംഘങ്ങളാണ് പട്ടയം എഴുതുന്നത്.
ഡെപ്യൂട്ടി തഹസിൽദാർമാരായ എ.എം. അഷ്റഫ്, ജി. രാജൻ, എം.പി. അമ്പിളി, ടി.എസ്. വിജയലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് ഓരോ സംഘവും. പ്രവർത്തനങ്ങൾ ഏകോപനത്തിന് ഡെപ്യൂട്ടി തഹസിൽദാർമാരായ സന്തോഷ് ജി. നാഥ്, രാജേന്ദ്രൻ പിള്ള എന്നിവരുമുണ്ട്. താലൂക്ക് ഓഫിസിൽ സൂക്ഷിക്കാനുള്ള പ്രതിപട്ടയമാണ് ആദ്യം എഴുതുന്നത്. ഇത് മേൽനോട്ട ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ പരിശോധിച്ച് ഏകോപന ചുമതലയുള്ള ഡി.ടിയുടെ പരിശോധനക്ക് നൽകും. ഇതിൽ പിഴവുകളില്ലെന്ന് ഉറപ്പാക്കി മറ്റ് മൂന്ന് കോപ്പികളും എഴുതും. രണ്ടു ദിവസത്തിനകം പട്ടയം എഴുതി പൂർത്തിയാക്കുമെന്ന് തഹസിൽദാർ കെ.എസ്. നസിയ പറഞ്ഞു. ഇത് കൂടാതെ, താലൂക്കിൽ 155 മറ്റ് പട്ടയങ്ങളും 18ന് വിതരണം ചെയ്യാനുള്ള നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.