ഓണവിപണി: അതിർത്തിയിൽ പരിശോധനയില്ല
text_fieldsപുനലൂർ: ഓണം പടിവാതിൽക്കൽ എത്തിയിട്ടും അതിർത്തിയിൽ പരിശോധനയില്ല. പരിശോധനയില്ലാത്തതിനാൽ ഗുണമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിപണിയിൽ എത്തിക്കുന്നു. കൂടാതെ ലഹരി ഉൽപന്നങ്ങളുടെ കടത്തും സജീവമാണ്. കേരളത്തിലെ തെക്കൻ ജില്ലകൾക്ക് ആവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ എല്ലാ വിഭവങ്ങളും തമിഴ്നാട്ടിൽ നിന്നും ആര്യങ്കാവിലൂടെയാണ് ഇവിടെ എത്തിക്കുന്നത്. ഓണക്കാലത്ത് ഈ സാധനങ്ങളുടെ ഉപയോഗം പതിന്മടങ്ങ് വർധിക്കുന്നതിനാൽ തമിഴ്നാട്ടിലടക്കം കൃഷിയിടങ്ങളിൽ മാരക കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ചാണ് ഇത്തരം സാധനങ്ങൾ അധികമായി ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നത്.
ആര്യങ്കാവിൽ നിലവിൽ പാലും പാലുൽപന്നങ്ങളും പരിശോധിക്കാനുള്ള സംവിധാനമേയുള്ളൂ. മറ്റു വിഭവങ്ങൾ എന്തും പരിശോധന ഇല്ലാതെ കടത്തിക്കൊണ്ടു വരാം. ഭക്ഷ്യവിഭവങ്ങളുടെ പരിശോധനക്കായി ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ ചെക് പോസ്റ്റ് അനുവദിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. മുൻ വർഷങ്ങളിൽ ഓണത്തിന് മുമ്പ് ഭക്ഷ്യസുരക്ഷ വകുപ്പ് ആര്യങ്കാവിൽ സ്ഥിരം പരിശോധന നടത്താറുണ്ട്.
മൊബൈൽ ലാബിന്റെ സഹായത്തോടെയുള്ള പരിശോധന കുറച്ചൊക്കെ പ്രയോജനം ചെയ്തിരുന്നു. ഇത്തവണ പരിശോധന തുടങ്ങാൻ അധികൃതർ തയാറായിട്ടില്ല. ഇനിയുള്ള ദിവസങ്ങളിലാണ് ഓണക്കച്ചവടത്തിനുള്ള പച്ചക്കറികൾ കൂടുതലായി എത്തിക്കുന്നത്.
കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങളും ഈ ദിവസങ്ങളിൽ കൂടുതലായി എത്തിക്കാറുണ്ട്. ഇവിടുള്ള എക്സൈസ് ചെക്പോസ്റ്റിൽ സാധാരണ പരിശോധനയേ ഇപ്പോഴുള്ളൂ. മറ്റു സാധനങ്ങളുടെ മറവിൽ കഞ്ചാവും നിരോധി പുകയില ഉൽപന്നങ്ങളും കടത്തുന്നത് കണ്ടെത്താനാകുന്നില്ല. യാദൃച്ഛികമായി ഇവ പിടികൂടുന്നതൊഴിച്ചാൽ പൂർണമായും തടയാൻ കഴിയുന്നില്ല. ഡോഗ് സ്ക്വാഡുൾപ്പെടെ സംയുക്ത പരിശോധന മുമ്പ് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.