പാലരുവി തുറന്നു; വിനോദസഞ്ചാരത്തിന് ഉണർവായി
text_fieldsപുനലൂർ: ജില്ലയുടെ കിഴക്കൻമലയോരത്തെ വിനോദസഞ്ചാരമേഖല സജീവമാക്കി പാലരുവി ജലപാതം തുറന്നു. ആദ്യദിനമായ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ അരലക്ഷത്തിലധികം രൂപയുടെ വരുമാനമുണ്ടായി. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു അധികവും.
തൊട്ടടുത്തുള്ള കുറ്റാലത്ത് മതിയായ വെള്ളം ഇല്ലാത്തതും തിരക്കും കണക്കിലെടുത്ത് അവിടെത്തുന്ന കൂടുതൽ ആളുകൾ പാലരുവിയിലേക്ക് വരുന്നുണ്ട്. വരും ദിവസങ്ങളിൽ തദ്ദേശീയർ ഉൾെപ്പടെ വരുന്നതോടെ പാലരുവിയിലും തിരക്കാകും.
കടുത്ത വേനലിൽ വെള്ളം വറ്റിയതിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് പാലരുവി അടച്ചത്. എന്നാൽ രണ്ടാഴ്ചയായി ആവശ്യത്തിന് വെള്ളമെത്തിയെങ്കിലും കനത്ത മഴകാരണം അപായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതിനാൽ തുറക്കൽ നീണ്ടു. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായുള്ള വനിത ഗൈഡുകൾ ഉൾപ്പെടെ നാൽപതോളം തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണശാലയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ദേശീയപാതയിൽ പാലരുവി ജങ്ഷനിൽനിന്ന് വനംവകുപ്പിന്റെ വാഹനങ്ങളിലാണ് വിനോദസഞ്ചാരികളെ നാലുകിലോമീറ്റർ അകലെയുള്ള പാലരുവിയിലെത്തിച്ച് തിരികെ കൊണ്ടുപോകുന്നത്. രണ്ട് ബസ് ഉൾെപ്പടെ മൂന്ന് വാഹനങ്ങൾ ഇതിനായുണ്ട്.
എന്നാൽ മറ്റൊരു പ്രധാന വെള്ളച്ചാട്ടമായ അച്ചൻകോവിൽ കുംഭാവുരുട്ടി തുറക്കുന്നതിന് തീരുമാനമായിട്ടില്ല. ഉൾവനത്തിൽ ശക്തമായ മഴയുള്ളതിനാൽ കുംഭാവുരുട്ടിയിൽ കൂടുതൽ വെള്ളം ഒഴുകുന്നത് അപകടത്തിന് ഇടയാക്കുമെന്നുകണ്ടാണ് തുറക്കാത്തതെന്ന് വനംഅധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.