പുനലൂർ താലൂക്ക് ആശുപത്രിയിലെ പാർക്കിങ്; നിർമാണം നിലച്ചു
text_fieldsപുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ നിർമാണം നിലച്ച ആധുനിക പാർക്കിങ് സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയില്ല. കിഫ്ബിയുടെ 3.85 കോടി ചെലവിലാണ് മൾട്ടി സ്റ്റേജ് പാർക്കിങ് സംവിധാനം ഒരുക്കാൻ ഒരുവർഷം മുമ്പ് നടപടി തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനം ആരംഭിച്ചത്.
ഇതിനായി പഴയ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റി തറ നിരപ്പാക്കുകയുണ്ടായി. നടപടിയുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിടം, മെക്കാനിക്കൽ വിഭാഗം എൻജിനീയർ മാർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന്റെ പരിഗണനക്ക് നൽകിയിരുന്നു. കൂടാതെ ഫയർ ആൻഡ് സേഫ്റ്റി അധികൃതരും എസ്റ്റിമേറ്റ് എടുത്തിരുന്നു. എന്നാൽ ഇതിനാവശ്യമായ മറ്റ് രേഖകൾ സമയബന്ധിതമായി തയാറാക്കി നൽകാൻ ആശുപത്രി അധികൃതർ തയാറാകാത്തതിനാൽ ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ മാതൃക താലൂക്ക് ആശുപത്രിയും ആധുനിക സൗകര്യങ്ങളോടുള്ള ബഹുനില മന്ദിരവും അതിനനുസൃതമായി ഇവിടെ എത്തുന്ന രോഗികളുടെ എണ്ണവും കണക്കിലെടുത്താൽ മതിയായ വാഹന പാർക്കിങ് സൗകര്യമില്ല. വലിയ വാഹനങ്ങൾ പലപ്പോഴും ആശുപത്രിക്ക് മുന്നിലെ കച്ചേരിറോഡിലാണ് നിർത്തിയിടുന്നത്.
ആശുപത്രിക്ക് മുന്നിലെ പാർക്കിങ് ഗ്രൗണ്ടിലും എപ്പോഴും തിരക്കാണ്. ഡോക്ടർമാരുെടയും മറ്റ് ജീവനക്കാരുെടയും കാറുകളടക്കം പാർക്ക് ചെയ്തുകഴിഞ്ഞാൽ ഇവിടം നിറയും. ഇത് പരിഗണിച്ചാണ് കിഫ്ബി ഫണ്ടിൽ നിന്ന് ആശുപത്രി കെട്ടിട നിർമാണത്തിനോടനുബന്ധിച്ച് പുതിയ പാർക്കിങ് സംവിധാനം ഒരുക്കാൻ നടപടി തുടങ്ങിയത്. ഒരേസമയം 52 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന നിലയിൽ പസിൽ മാതൃകയിലാണ് പാർക്കിങ് ഡിസൈൻ ചെയ്തത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ആശുപത്രി, നഗരസഭ അധികൃതർ താൽപര്യമെടുത്താൻ പാർക്കിങ് സംവിധാനം നിർമിക്കാൻ കഴിയുമെന്നുമാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. ആശുപത്രിയിൽ സ്ഥിരമായി സൂപ്രണ്ട് ഇല്ലാത്തതുകാരണം ഇതുപോലുള്ള പല പദ്ധതികളും അവതാളത്തിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.