റെയിൽവേ പുറമ്പോക്കിൽ 1100 പട്ടയം; സർവേ നടപടി ഊർജിതമാക്കും
text_fieldsപുനലൂർ: റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം വിതരണം നൽകുന്നതിന് നടപടി വേഗത്തിലാക്കാൻ തീരുമാനം. റെയിൽവേ ലൈനിനോട് ചേര്‍ന്ന് താമസിക്കുന്നവരുടെ പട്ടയ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പി.എസ്. സുപാൽ എം.എൽ.എ റവന്യൂ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ 19ന് ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം നടത്തി. ചൊവ്വാഴ്ച കലക്ടർ എൻ. ദേവിദാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പി.എസ്. സുപാൽ എം.എൽ.എ പങ്കെടുത്തു. അടിയന്തരമായി സർവേ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തുന്നതിന് കലക്ടറെ യോഗം ചുമലപ്പെടുത്തി. ഉദ്ദേശം 1100 പട്ടയം നൽകാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
10 കിലോമീറ്റർ വീതമുള്ള നാല് മേഖലകളായി തിരിച്ച് സർവേ പൂർത്തിയാക്കും. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് രണ്ട് റേഞ്ച് ഓഫിസർമാർ, രണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ, ഒരു ഫോറസ്റ്റ് സർവേയർ എന്നിവരും റെയിൽവേയുടെ നാല് ജൂനിയർ എൻജിനീയർമാർ, റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് നാല് ഡെപ്യൂട്ടി തഹസിൽദാർമാർ, അഞ്ച് വില്ലേജ് ഓഫിസർമാർ എന്നിവർ സംഘത്തിലുണ്ടാകും. സർവേ നടത്തുന്നതിന് ആവശ്യമായ സ്പെഷൽ സർവേ ടീമിനെ കലക്ടറുടെ നേതൃത്വത്തിൽ തീരുമാനിക്കും. മെഷീൻ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി സെപ്റ്റംബർ 20ന് മുമ്പ് സർവേ പൂർത്തിയാക്കും. ആഗസ്റ്റ് 22ന് വനം റവന്യൂ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സംയുക്ത പരിശോധനയും സന്ദർശനവുമുണ്ടാകും. അന്നുതന്നെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. കഴിഞ്ഞവർഷം റെയിൽവേ സ്വന്തമായി തയാറാക്കിയ ലാൻഡ് പ്ലാൻ അനുസരിച്ച് നടത്തി വന്ന സർവേ എം.എൽ.എയും ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് തടഞ്ഞിരുന്നു. പുതുതായി സംയുക്ത സർവേ നടത്തി സർവിസ് സ്കെച്ച് തയാറാക്കണമെന്നും ഇരുവശങ്ങളിലുള്ളവരെ കൈവശക്കാരായ അംഗീകരിച്ച് പുതിയ സർവേ നടത്തണമെന്നുമുള്ള എം.എൽ.എയുടെ ആവശ്യപ്രകാരമാണ് തുടർ നടപടിയുണ്ടായത്.
സംയുക്ത സ്ഥലപരിശോധനയും സർവേയും പൂർത്തിയാകുന്ന മുറക്ക് പ്രദേശത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാൻ കഴിയുമെന്നും എം.എല്‍.എ അറിയിച്ചു. യോഗത്തിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ശശിധരൻ, സുജ തോമസ്, വനംവകുപ്പ് അധികൃതർ, മധുര ഡിവിഷനൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷനൽ എൻജിനീയർ, സീനിയർ സെക്ഷൻ എൻജീനിയർ, പുനലൂർ തഹസിൽദാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.