ജനം അപകടമുനമ്പിൽ; കിഴക്കൻമേഖലയിൽ അപകടം വിതച്ച് ടിപ്പറുകൾ
text_fieldsയന്ത്രണമില്ലാത്ത ടിപ്പർലോറികളുടെ പാച്ചിൽ ജീവനെടുക്കുന്ന സംഭവങ്ങൾ ജില്ലയിൽ നിരന്തരം ആവർത്തിക്കുകയാണ്. അശ്രദ്ധയും അമിതഭാരവും അതിവേഗവും ‘കരുത്താക്കി’ ഇത്തരം ലോറികളുടെ പാച്ചിൽ ജില്ലയിൽ പ്രത്യേകിച്ച് കിഴക്കൻമേഖലയിൽ നിരവധി ജീവനുകളാണ് കവർന്നത്. തമിഴ്നാട്ടിൽനിന്നുള്ളവ കൂടി ആകുമ്പോൾ പൊറുതിമുട്ടിയ അവസ്ഥ. നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് കൂടി ഭീഷണിയാണ് ഇവ. അധികൃതരുടെ അനങ്ങാപ്പാറനയത്തിൽ ഇനിയൊരു ജീവൻ പൊലിയരുതേയെന്ന പ്രാർഥനയിലാണ് നാട്
പുനലൂര്‍: ദേശീയപാതയെ കുരുതിക്കളമാക്കി ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍. ഒരു നിയന്ത്രണവുമില്ലാതെ അമിതഭാരവുമായി ഓടുന്ന ടിപ്പറുകള്‍ നിരവധി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ നാല് മരണമാണ് കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ടിപ്പര്‍ ഇടിച്ച് ഉണ്ടായത്.
ഇതിനുപുറമെ പത്തോളം അപകടങ്ങളും. തെന്മല ഉറുകുന്ന് ജങ്ഷന് സമീപം ടിപ്പർ ലോറിയിടിച്ച് വയോധികയായ നേതാജി ലക്ഷംവീട് കോളനി സ്വദേശിനി സരസമ്മ മരണപ്പെട്ടതാണ് ഒടുവിലെ സംഭവം.
കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും ഭീഷണിയായാണ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. തിരക്കേറിയ സമയങ്ങളിൽ ഉൾപ്പെടെ അമിതഭാരവുമായാണ് ടിപ്പറുകൾ പായുന്നത്. ഭാരംകയറ്റുന്നതിലോ വേഗത്തിലോ സമയക്രമത്തിലോ ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
തമിഴ്നാട്ടില്‍നിന്നുള്ള ക്വാറി ഉല്പന്നങ്ങളുമായി 10 മുതല്‍ 20 വരെ ചക്രങ്ങളുള്ള വലിയ ലോറികളാണ് ഓടുന്നത്. സുരക്ഷാഭീഷണി ഉയർത്തുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരും തയാറാകുന്നില്ല. ചില ലോറികൾ കല്ലുകൾ മൂടാതെയും ഏതു സമയവും റോഡിലേക്ക് തെറിച്ചുവീഴാവുന്ന വിധത്തിലുമാണ് കൊണ്ടുപോകുന്നത്.
അമിതവേഗം കൂടിയാകുമ്പോൾ ഭീഷണി വർധിക്കുന്നു. ലോറികൾ ന്യൂട്രലിൽ ഇറക്കമിറങ്ങിവരുന്നത് വൻ വളവുകളിൽ അപകടത്തിനും കാരണമാവുന്നു. ടിപ്പറുകളുടെ മത്സരയോട്ടം നിരത്തുകളിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. കൂടുതൽ ലോഡിന് കൂടുതൽ കൂലി കിട്ടുമെന്നതാണ് മത്സരയോട്ടത്തിന് കാരണം. ഇത്തരം വാഹനങ്ങളുടെ നിരന്തര ഓട്ടത്തിൽ റോഡുകൾ പലതും അറ്റകുറ്റപ്പണിക്ക് പിന്നാലെ തകരുന്നതായും പരാതിയുണ്ട്.
നിയമം കാറ്റിൽ പറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ
കടയ്ക്കൽ: പാറക്വാറികളിൽ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമാണ് ഓരോ ദിവസവും നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്.
എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തി വാഹനത്തിന്റെ ബോഡിക്കുമുകളിൽ കൂറ്റൻപാറ കയറ്റി പായുകയാണ് ടിപ്പർ ലോറികൾ. രാപകൽ വ്യത്യാസമില്ലാതെ മിനിറ്റുകൾ ഇടവിട്ട് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഇവയുടെ പാച്ചിൽ. റോഡ് സൈഡിൽ താമസിക്കുന്നവരും യാത്രക്കാരും അപകടമുനമ്പിലാണ്.
നാട്ടുകാർക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി തവണ നൽകിയ പരാതിയിലും നിയമപാലകരും അധികൃതരും കണ്ണടക്കുന്നു. കുമ്മിൾ-മുക്കുന്നം, മടത്തറ-കടയ്ക്കൽ, കൊണ്ടോടി- പാങ്ങലുകാട്, കടയ്ക്കൽ-ചടയമംഗലം റോഡുകൾ വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ ജില്ല കലക്ടറെ നേരിൽകണ്ട് പരാതി നൽകിയിരുന്നു.
വിശദമായി അന്വേഷിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന കലക്ടറുടെ ഉറപ്പ് പാഴ്വാക്കായി. ഐരക്കുഴിയിൽ കോളജ് വിദ്യാർഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പർലോറിയുടെ അമിത വേഗമായിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബി.ഡി.എസ് വിദ്യാർഥിയുടെ ജീവനെടുത്തതും പാറ കയറ്റിപ്പോയ ടിപ്പറായിരുന്നു. സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് എർപ്പെടുത്തിയ നിയന്ത്രണം പാലിക്കാറേയില്ല. കൺസ്ട്രക്ഷൻ കമ്പനികളാകട്ടെ വാഹനം ഓടിക്കാൻ ലൈസൻസ് പോലുമില്ലാത്ത നിർമാണതൊഴിലാളികളെവരെ ഉപയോഗിക്കുന്നു.
അമിത ലോഡുമായുള്ള ടിപ്പറുകളുടെ സഞ്ചാരം മൂലം റോഡുകൾ തകരുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധങ്ങളിൽ ക്രഷർ കമ്പനികൾതന്നെ പൊതുറോഡുകൾ നവീകരിച്ചിരുന്നു.
പിന്നീട് ഈ റോഡുകളിലൂടെ അമിതവേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം. പരാതി നൽകലും ടിപ്പർ തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാർ രംഗത്തുവന്നെങ്കിലും ടിപ്പറുകൾക്ക് അനുകൂലമായ നിലപാടായിരുന്നു പൊലീസിന്റേത്. ദിനവും അപകടങ്ങളുണ്ടാക്കുന്ന ടിപ്പറുകൾക്കെതിരെ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് നാട്ടുകാർ.
പത്തനാപുരത്ത് ഇരട്ടിഭാരവുമായി ടിപ്പറുകൾ പായുന്നു
പത്തനാപുരം: ലോറികളുടെയും ടോറസുകളുടെയും അസുരക്ഷിത യാത്ര മേഖലയിൽ നിരന്തരം അപകടഭീഷണിയാകുന്നു. പത്തനാപുരത്തെയും സമീപ പ്രദേശങ്ങളിലെയും പാറക്വാറികൾ അടച്ചിട്ടതോടെ തമിഴ്നാട് ഭാഗത്തുനിന്നാണ് ഈ പ്രദേശങ്ങളിലേക്ക് പാറയും പാറ ഉൽപന്നങ്ങളും എത്തുന്നത്. ഇരട്ടി ഭാരവുമായാണ് ഇവയുെട യാത്ര. സ്കൂള്‍ സമയങ്ങളിലടക്കമുള്ള മരണപ്പാച്ചിലിനെതിരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല.
മോട്ടോർ വാഹനവകുപ്പ് വേണ്ട നടപടി എടുക്കാത്തതിനാൽ ഇവയെ നിയന്ത്രിക്കാനും സാധിക്കുന്നില്ല. കൊട്ടാരക്കര, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സഥലങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നാണ് പാറ എത്തിക്കുന്നത്. മേഖലയിലെ പാലത്തിൽ ഭാരം കയറ്റിവരുന്ന ടിപ്പറുകളെ നിയന്ത്രിക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും പൊതുമരാമത്ത് അധികൃതർ പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് പൊതുജനത്തിന്റെ ആവശ്യം.
കൊട്ടാരക്കരയിൽ അമിതവേഗം തടയാൻ നടപടിയില്ല
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ ടിപ്പർ ലോറികൾ അമിത വേഗത്തിൽ പായുന്നതിനെതിരെ പൊലീസോ റവന്യൂ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ.
വെളിയം പഞ്ചായത്തിലെ കുടവട്ടൂരിൽ 150 ക്വാറികളുടെ വർഷങ്ങളായുള്ള ഖനനം പുനരാരംഭിച്ചതോടെ ടിപ്പർ ലോറികൾ നിരത്ത് കീഴടക്കിയിരിക്കുകയാണ്. സ്കൂൾ സമയം രാവിലെ എട്ടു മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ചുവരെയും ടിപ്പർലോറികൾ നിരത്തിലിറങ്ങരുതെന്ന നിയമം പാലിക്കപ്പെടുന്നില്ല. ടിപ്പർലോറിയിൽ മണ്ണ്, പാറ എന്നിവ കടത്തുമ്പോൾ മേൽമൂടി വെക്കണമെന്ന നിയമവും കാറ്റിൽപറത്തുകയാണ്.
വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി പ്രദേശങ്ങളിൽ ടിപ്പറിൽനിന്ന് പാറ തെറിച്ച് വീഴുന്നത് പതിവാണ്. ഇവക്ക് പിന്നിൽ വരുന്ന ഇരുചക്രവാഹനങ്ങളും അപകടത്തിൽപെടുന്നു. നിരന്തര മത്സര ഓട്ടം മൂലം ചെറിയ റോഡുകളിൽ പോലും തകർച്ചയിലായി. കാൽനടയാത്രികരുടെ സുരക്ഷക്കും ഭീഷണിയായി. മിക്കവയും നമ്പർ പ്ലേറ്റുകളില്ലാതെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അമിത വേഗത്തിലാണ് സഞ്ചാരം. നിരവധി തവണ പരാതി നൽകുമ്പോഴാണ് ഒന്നോ രണ്ടോ എണ്ണം പിടികൂടുന്നത്.
പാറ, മണ്ണ് മാഫിയകളുടെ ഇടപെടൽ മൂലം പൊലീസും റവന്യൂ അധികൃതരും ചെറിയ കുറ്റം ചുമത്തി ടിപ്പറുകൾ നിരത്തിലിറങ്ങാൻ സഹായിക്കുന്നെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താലൂക്കിൽ മണ്ണെടുപ്പും പാറഖനനവും തകൃതിയാണ്. വിവിധ രാഷ്ട്രീയപാർട്ടികൾക്ക് തെരഞ്ഞെടുപ്പിനുള്ള ഫണ്ട് നൽകുന്നത് മണ്ണ്, പാറ മാഫിയകളാണെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ മണ്ണ് മാഫിയകൾക്കെതിരെ നടപടി സ്വീകരിച്ചതിൽ മണ്ണ് മാഫിയയുടെ ഭീഷണി ഉണ്ടായതായി തഹസിൽദാർ പറഞ്ഞിരുന്നു. താലൂക്ക് മേഖലയിൽ മണ്ണ്, പാറ മാഫികൾ പിടിമുറുക്കുമ്പോൾ നിരത്തിൽ അമിതലോഡുമായി അമിതവേഗത്തിൽ പായുന്ന ടിപ്പർലോറികൾക്കെതിരെ ആര് നടപടി സ്വീകരിക്കുമെന്നത് ചോദ്യചിഹ്നമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.