വീട്ടുമുറ്റത്തുപോലും പന്നിക്കൂട്ടം; ജീവിതം വഴിമുട്ടി അച്ചൻകോവിലുകാർ
text_fieldsപുനലൂർ: പകൽ സമയത്തുപോലും വീട്ടുമുറ്റത്തും പരിസരങ്ങളിലും കാട്ടുപന്നിക്കൂട്ടമിറങ്ങി നാശം വരുത്തുന്നതോടെ ആശങ്കയിലായി അച്ചൻകോവിൽ ഗ്രാമവാസികൾ. പുരയിടങ്ങളിൽ ഒരു കൃഷിയും ബാക്കിയാക്കാതെ നശിപ്പിക്കുന്ന പന്നികൾ മനുഷ്യജീവനും കടുത്ത ഭീഷണിയായിരിക്കുകയാണ്.
അച്ചൻകോവിൽ രണ്ട് വാർഡുകളിലേയും മുഴുവൻ കുടുംബങ്ങളും വന്യജീവികളുടെ ആക്രമണത്തിൽ പൊറുതിമുട്ടുകയാണ്. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമത്തിൽ അച്ചൻകോവിൽ ജങ്ഷനിൽ പോലും പകൽ സമയത്ത് വീടുകളിലും മറ്റും പന്നിയും കുരങ്ങും വരുത്തുന്ന നാശം വലുതാണ്.
വനത്തോട് ചേർന്ന കൃഷിയിടങ്ങളിൽ ആനയും മറ്റും വരുത്തുന്ന നാശത്തിന് പുറമേയാണ് പെറ്റുപെരുകുന്ന പന്നികളുടെ ഉപദ്രവം വർധിക്കുന്നത്. വീട്ടുമുറ്റത്ത് എന്തു സാധനങ്ങൾ കണ്ടാലും ഇവ നശിപ്പിക്കുന്നു.
ഇവയുടെ ആക്രമണം പേടിച്ച് കൃഷി ചെയ്യാനാകാതെ അഞ്ഞൂറോളം ഏക്കർ ഭൂമി തരിശായി കിടക്കുന്നു. റബർ പോലും കൃഷി ചെയ്യാൻ കഴിയുന്നില്ല. കോഴികളടക്കം വളർത്തുമൃഗങ്ങളെയും കൂട് തകർത്ത് പിടിച്ചുകൊണ്ടുപോകുന്നു. പലവീടുകളിലും കിണറിനു സമീപത്തും മറ്റും പന്നികൾ താവളമാക്കിയിരിക്കുകയാണ്.
ഇതുകാരണം പലപ്പോഴും ആളുകൾക്ക് ഒറ്റക്ക് വീട്ടുമുറ്റത്തേക്കുപോലും ഇറങ്ങാൻ പറ്റാതായി. പന്നികളെ ഓടിക്കാൻ എന്തെങ്കിലും ഉപദ്രവകരമായത് ചെയ്താൽ വനം അധികൃതർ കേസ് എടുക്കുമെന്ന ഭീഷണിയുള്ളതിനാൽ ഉപദ്രവം സഹിക്കാനേ മാർഗമുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
പന്നികളുടെ ആക്രമത്തിൽ അടുത്തിടെ ആറു പേർക്ക് ഇവിടെ പരിക്കേറ്റിരുന്നു. നാശകാരികളായ പന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് വനപാലകർക്ക് നൽകാൻ പഞ്ചായത്ത് പ്രസിഡൻറിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. എന്നാൽ, ആര്യങ്കാവ് പഞ്ചായത്തിൽ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.