നശിക്കുന്നത് ലക്ഷങ്ങളുടെ പൈപ്പുകൾ; ഒഴുകിയത് പൊതുപണം
text_fieldsപുനലൂർ: കുടിവെള്ള വിതരണത്തിനായി വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ ലക്ഷങ്ങളുടെ പൈപ്പ് നശിച്ചു. അവശേഷിക്കുന്ന പൈപ്പ് ഉപയോഗിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് പൈപ്പുകൾ കാടുമൂടി ഇഴജന്തുക്കുളുടെ താവളമായി. വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പത്തനാപുരം നിയോജമണ്ഡലത്തിലെ പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ കാൽ നൂറ്റാണ്ട് മുമ്പ് ഇറക്കിയ സിമൻറ് പൈപ്പുകളാണ് ഇപ്പോഴും ഉപേക്ഷിച്ച നിലയിൽ മുക്കടവ് എലിക്കാട്ടൂർ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്.
മുമ്പ് ആസൂത്രണം ചെയ്ത കുരിയോട്ടുമല കുടിവെള്ള പദ്ധതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് മുൻ ജലസേചന മന്ത്രി ഗംഗാധരന്റെ കാലത്ത് ലോഡ് കണക്കിന് പൈപ്പുകൾ ഇറക്കിയത്. പദ്ധതി ഉടൻ ആരംഭിക്കാൻ ഉദ്ദേശിച്ച് പത്തനാപുരം- പുനലൂർ പാതയോരത്ത് വാഴത്തോപ്പ് ഡിപ്പോയോട് ചേർന്നും മുക്കടവ്- എലിക്കാട്ടൂർ റോഡ് വശത്തുമാണ് പൈപ്പിറക്കിയത്. എന്നാൽ പദ്ധതി സമയത്ത് ആരംഭിക്കാതായതോടെ പൈപ്പുകൾ ഇവിടെ കിടന്നു നശിച്ചു. രണ്ട് വർഷം മുമ്പ് പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും മുമ്പിറക്കിയ പൈപ്പുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കുകയായിരുന്നു.
വാഴത്തോപ്പിലുണ്ടായിരുന്ന പൈപ്പുകൾ പുനലൂർ- പൊൻകുന്നം പാതയുടെ നവീകരണത്തിന്റെ ഭാഗമായി രണ്ടു വർഷം മുമ്പ് മുക്കടവിൽ ജൽജീവൻ പദ്ധതിയുടെ പമ്പ് ഹൗസിന് സമീപത്തേക്ക് ഉൾപ്പെടെ മാറ്റി. വാഴത്തോപ്പിലുണ്ടായിരുന്നപ്പോൾ നിരവധി പൈപ്പുകൾ വാഹനമിടിച്ചും റോഡ് നവീകരണത്തിന്റെ ഭാഗമായും നശിച്ചിരുന്നു. അടുത്തിടെ ഇവിടെ നിന്നു പൈപ്പുകൾ മാറ്റിയപ്പോഴും പലതും നശിച്ചു. ശേഷിക്കുന്ന പൈപ്പുകളും കാലപ്പഴക്കത്താലും മറ്റ് രീതിയിലും നശിച്ചു കൊണ്ടിരിക്കുകയാണ്. ഈ പൈപ്പ് ഇനി എന്ത് ചെയ്യുമെന്നതിന് ജല അതോറിറ്റി അധികൃതർക്കും വ്യക്തമായ മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.