വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങുന്നു; ലേണേഴ്സ് ടെസ്റ്റിന് വരുന്നവർ ദുരിതത്തിൽ
text_fieldsപുനലൂർ: വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും പതിവായി മുടങ്ങുന്നതോടെ ലേണേഴ്സ് ടെസ്റ്റിന് വരുന്ന പരീക്ഷാർഥികൾ ദുരിതത്തിൽ. മോട്ടോർ വെഹിക്കിൾ പുനലൂർ സബ് യൂനിറ്റ് ഓഫീസിൽ ലേണേഴ്സിന് എത്തുന്നവരാണ് മിക്ക ദിവസങ്ങളിലും ബുദ്ധിമുട്ടുന്നത്.
ടൗൺ വിട്ട് നെല്ലിപള്ളിയിൽ പ്രവർത്തിക്കുന്ന എസ്.ആർ.ടി ഓഫിസിലാണ് ടെസ്റ്റ് നടത്തുന്നത്. അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ്, ആയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കം രാവിലെ എട്ടിന് ഓഫിസിൽ എത്താറുണ്ട്. ഇവിടെ വരുമ്പോൾ മിക്ക ദിവസങ്ങളിലും വൈദ്യുതിയോ, ഇന്റർനെറ്റ് സൗകര്യമോ ഉണ്ടാകില്ല. തന്മൂലം സമയത്തിന് ടെസ്റ്റ് നടത്താൻ അധികൃതർക്ക് കഴിയുന്നില്ല.
കൈക്കുഞ്ഞുമായി എത്തുന്നവർ ഉൾപ്പെടെ പരീക്ഷാർഥികൾ ടെസ്റ്റിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ഇവിടെയെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമയത്തിന് ടെസ്റ്റ് തുടങ്ങാഞ്ഞതിനെ തുടർന്ന് മണിക്കൂറുകൾ ബുദ്ധിമുട്ടി.
പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനോ ഒന്ന് ഇരിക്കുന്നതിനോ മതിയായ സൗകര്യങ്ങൾ ഓഫിസ് പരിസരത്തില്ല അതിരാവിലെ വീടുകളിൽ നിന്നെത്തുന്നവർ വലയുന്ന സ്ഥിതിയാണ്. ഓഫിസിന്റെയും സമീപത്തെ കടകളുടെ വരാന്തകളിലും ഒക്കെയാണ് ഇവർ മണിക്കൂറുകൾ കഴിച്ചുകൂട്ടുന്നത്.
വൈദ്യുതി മുടങ്ങിയാൽ പരിഹരിക്കുന്നതിന് ഓഫിസിൽ ജനറേറ്റർ സംവിധാനം ഉണ്ടെങ്കിലും മിക്കവാറും തകരാറിലാണ്. ഓഫിസിന്റെ പ്രവർത്തനം വൈദ്യുതി മുടങ്ങുന്ന അവസരങ്ങളിൽ താളം തെറ്റും.
കേടായ ജനറേറ്റർ മാറ്റിവക്കാനോ അറ്റകുറ്റപണിനടത്താനോ നടപടി ഉണ്ടാകുന്നില്ല. ലേണേഴ്സിന് വൻ തുക സർക്കാർ ഫീസ് ഈടാക്കിയിട്ടും സെന്ററുകളിൽ എത്തുന്ന പരീക്ഷാർഥികൾക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.