പ്രാഥമിക സൗകര്യങ്ങൾ അടച്ചുപൂട്ടി; ഇക്കോ ടൂറിസം മേഖലയിൽ എത്തുന്നവർ ദുരിതത്തിൽ
text_fieldsപുനലൂർ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തെന്മല ഇക്കോ ടൂറിസത്തിൽ എത്തുന്നവർ പ്രാഥമിക കൃത്യത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.
വിവിധ വകുപ്പുകളുടേതായി മൂന്നിടത്ത് ശുചിമുറി സൗകര്യം ഉണ്ടെങ്കിലും എല്ലാം അടച്ചുപൂട്ടിയ നിലയിലാണ്. ദിവസവും ഇവിടെത്തുന്ന നൂറുകണക്കിനായ സഞ്ചാരികൾ വഴിവക്കിലും തൊട്ടടുത്ത കാടുകളിലും പ്രാഥമിക കൃത്യത്തിന് എത്തേണ്ട അവസ്ഥയാണ്.
തെന്മല ഇക്കോ ടൂറിസം ഓഫിസ് കവാടത്തിന് മുന്നിൽ ആറ്റുതീരത്തോട് ചേർന്ന് വിശാലമായുള്ള ശുചിമുറി സൗകര്യം അടച്ചുപൂട്ടിയിട്ട് ആറുമാസമായി. അത്യാവശ്യ നവീകരണങ്ങൾ വരുത്തി ഇത് തുറക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഡാം ജങ്ഷനിൽ പഞ്ചായത്ത് വക ടേക്ബ്രേക്കിലെ ശുചിമുറി ഒളികാമറ വിവാദത്തെ തുടർന്ന് അടച്ചു പൂട്ടിയിട്ട് ആഴ്ചകളായി. ഇവിടെത്തുന്നവർക്ക് ഏറ്റവും ആശ്രയമായുള്ളാതിയിരുന്നു ഇത്.
കുടുംബശ്രീയുടെ ചുമതലയിൽ ഉടൻ തന്നെ തുറന്നുകൊടുക്കുമെന്ന ഉറപ്പിലാണ് പഞ്ചായത്ത് അധികൃതർ അടച്ചത്. ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയില്ല. കെ.ഐ.പി വളപ്പിലുള്ള ശുചിമുറി അടച്ചിട്ടിട്ട് മാസങ്ങളായി. ഇവിടെ പുതിയതിന്റെ നിർമാണവും എങ്ങുമെത്തിയില്ല.
യാത്രക്കാരായെത്തുന്നവർ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇക്കോടൂറിസം മേഖലയിലുള്ളത്. പൊതുയിടത്തിലുള്ള വിസർജനം കടുത്ത ദുർഗന്ധം പരത്തുന്നു.
ഇവിടുള്ള ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളേയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ദുർഗന്ധം കാരണം ഇവിടുള്ള വീട്ടുകാരും പകർച്ചവ്യാധി ഭീഷണിയിലാണ്. കാടിനുള്ളിലെ വിസർജനം പാമ്പുകളും മറ്റ് വന്യജീവികളും ധാരാളമുള്ള ഇവിടെ അപകട ഭീഷണിയും ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.