വിജയഗാഥയാണ്, പ്രിമേറോ അപ്പാരൽ പാർക്ക്
text_fieldsപുനലൂർ: ‘കുടുംബശ്രീ’യുടെ കുടക്കീഴിൽ നവീന ഫാഷൻ വസ്ത്രങ്ങളടക്കം വിപണിയിലിറക്കി നാല് വർഷമായി അമ്പതോളം വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പുനലൂരിലെ പ്രിമേറോ അപ്പാരൽ പാർക്ക്. പുനലൂർ നഗരസഭയിലെ കുടുംബശ്രീ മിഷന്റെ പ്രധാന മുതൽക്കൂട്ട് എന്നതിനപ്പുറം ഈ അപ്പാരൽ പാർക്ക് സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂനിറ്റുകളിലൊന്ന് എന്ന വിശേഷണത്തിനും അർഹമാണ്. എല്ലാ മേഖലയിലും രണ്ടുവർഷക്കാലം കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അന്നും സന്ദർഭത്തിനൊത്ത് ഉണർന്ന് പ്രതിസന്ധിയെ മറികടക്കാൻ ഈ യൂനിറ്റിന് കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.
തയ്യൽകൂട്ടത്തിൽനിന്ന് വിജയത്തിലേക്ക്
നഗരസഭ പരിധിയിലെ കുടുംബശ്രീ കൂട്ടായ്മകളിൽനിന്ന് തയ്യൽ അറിയാവുന്നവരെ ഒത്തൊരുമിപ്പിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കുക ലക്ഷ്യമിട്ട് 2019 ഫെബ്രുവരി ഒന്നിനാണ് അപ്പാരൽ പാർക്ക് പ്രവർത്തനസജ്ജമായത്. 35 വാർഡുകളിൽനിന്നുള്ള 50 വനിതകൾ ഉൾപ്പെട്ടതായിരുന്നു ഈ യൂനിറ്റ്. ഇത്തരത്തിലുള്ള നിരവധി യൂനിറ്റുകൾ സന്ദർശിച്ചും വിദഗ്ധ പരിശീലനം അംഗങ്ങൾക്ക് നൽകിയുമൊക്കെയാണ് സംരംഭത്തിന് നാന്ദികുറിച്ചത്. സാധാരണ വസ്ത്ര നിർമാണത്തിൽ തുടക്കമിട്ട സ്ഥാപനം ഇന്ന് സപ്ലൈകോ, നഗരസഭ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങൾക്ക് തുണി സഞ്ചി നിർമാണത്തിലും പഴ്സ്, മാസ്ക് എന്നിവയുൾപ്പെടെ നിർമിക്കുന്നതിലും തിരക്കിലാണ്.
ന്യായമായ നിരക്കിലാണ് ഉൽപന്നങ്ങൾ ഇവിടെനിന്ന് നിർമിച്ചു നൽകുന്നത്. പ്രമുഖ തുണിക്കടകൾക്ക് ഓർഡർ അനുസരിച്ച് വസ്ത്രങ്ങൾ തുന്നിനൽകുന്നുമുണ്ട്. ഉത്സവ സീസണിൽ പ്രദർശന നഗരികളിലും സ്റ്റാളുകൾ സ്ഥാപിച്ച് സ്വന്തം ഉൽപന്നങ്ങൾ വിൽക്കുന്നതിലൂടെയും പ്രധാന യൂനിറ്റായി വളർച്ചയുടെ പടവുകൾ താണ്ടുന്നു.
ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ മൂന്നാമത്തെ നിലയിൽ മൂവായിരത്തോളം സ്ക്വയർ ഫീറ്റ് സ്ഥലത്താണ് പാർക്ക് പ്രവർത്തിക്കുന്നത്. കെട്ടിടം വാടകയില്ലാതെ നൽകിയത് കൂടാതെ യൂനിറ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കി നൽകി. ഓരോ അംഗത്തിൽനിന്നും 2500 രൂപ വീതം മൂലധനമായി ശേഖരിച്ചു. യൂനിറ്റിന് ആവശ്യമായ ആധുനിക നിലയിലുള്ള 35 തയ്യൽ മെഷീൻ ഉൾപ്പെടെ 50 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ജില്ല കുടുംബശ്രീ മിഷൻ വാങ്ങിനൽകി ഈ സംരംഭത്തിന് കരുത്ത് പകർന്നത്. കോളർ ഫിറ്റിങ്ങിനുള്ള നാല് ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രവും ഇക്കൂട്ടത്തിലുണ്ട്.
തുടക്കത്തിൽ ബ്രാൻഡഡ് ഫ്രോക്ക്, ടോപ്, നൈറ്റി തുടങ്ങിയവ നിർമിച്ച് വിപണിയിൽ ഇറക്കി. പരിസരങ്ങളിലെ സ്കൂൾ യൂനിഫോം തയാറാക്കൽ, കല്യാണ വർക്കുകൾ എന്നിവയിലും ധാരാളം ഓർഡറുകൾ ഈ പാർക്കിലേക്ക് എത്തുന്നു.
കോവിഡിലും തളരാതെ
കോവിഡ് കാലത്ത് അതിജീവനത്തിന്റെ ഒരുപാട് പാഠം ഈ യൂനിറ്റ് നാടിന് പകർന്നുനൽകി. ദുരന്തകാലത്ത് വരുമാനം കണ്ടെത്തുന്നതിനൊപ്പം നാടിന് കരുതലുമാകുന്ന മാസ്ക് നിർമാണത്തിലേക്ക് തിരിഞ്ഞാണ് പ്രിമേറോ അപ്പാരൽ പാർക്ക് അതിജീവനപാതയിലേക്ക് മുന്നേറിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാസ്ക് നിർമിച്ച് വിപണിയിലിറക്കി. സർക്കാറിന്റെ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന് ആവശ്യമായ തുണി സഞ്ചി ഇവിടെനിന്നാണ് വാങ്ങിയത്. കോവിഡ് കാലത്ത് ദിവസം മുഴുവൻ പ്രവർത്തിച്ചാണ് മാസ്ക്, തുണി സഞ്ചി എന്നിവ തയാറാക്കിയത്. കൂടാതെ കഴിഞ്ഞ ആഗസ്റ്റ് 15ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ നഗരസഭയിൽ ആവശ്യത്തിന് മുഴുവൻ ദേശീയ പാതകയും ഇവരാണ് തയാറാക്കിയത്. ഇതിൽ താലൂക്കാശുപത്രിയിൽ ഉയർത്തിയ ആറു മീറ്റർ നീളവും വീതിയുമുള്ള ദേശീയപതാക ഏറെ ശ്രദ്ധേയമായിരുന്നു.
ഉറപ്പാണ് വരുമാനം
ഇപ്പോൾ പുനലൂർ നഗരസഭയുടെ പ്ലാസ്റ്റിക് രഹിത പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും നൽകാനുള്ള തുണിസഞ്ചി നിർമിക്കാനുള്ള ജോലി നടക്കുകയാണ്. ഒരുവീട്ടിൽ ചെറുതും വലുതുമായി രണ്ടു തുണി സഞ്ചിയാണ് നഗരസഭ സൗജന്യമായി നൽകുന്നത്. 14,000 സഞ്ചി നിർമിക്കാനാണ് ഓർഡറുള്ളത്. വലിയ സഞ്ചിക്ക് 25 രൂപയും ചെറുതിന് 15 രൂപയുമാണ് പാർക്കിന് ലഭിക്കുന്നത്. സീസൺ കാലത്ത് മാസം അഞ്ച് ലക്ഷത്തോളം രൂപ വിറ്റുവരവ് ഉണ്ടാകും. ഇതിൽ 20 ശതമാനം തുക യൂനിറ്റിന്റെ വൈദ്യുതി ചാർജ് ഉൾപ്പെടെ ചെലവിന് മാറ്റിവെക്കും. ബാക്കി തുക ഹാജർ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് വീതിച്ചു നൽകും. ഇത്തരത്തിൽ 5000 മുതൽ 25000 രൂപ വരെ അംഗങ്ങൾക്ക് ആദായമായി ലഭിക്കാറുണ്ട്.
കാഞ്ഞിരമല വാർഡിലെ ഷെമി ഗണേഷൻ സെക്രട്ടറിയും താമരപ്പള്ളിയിലെ ശരണ്യ പ്രസിഡന്റുമായ ഏഴംഗ സമിതിയാണ് യൂനിറ്റിന്റെ നിയന്ത്രണ ചുമതല. രമ്യ സന്തോഷ്, സനൂജ, ദീപ, പ്രിയ എന്നിവരാണ് മറ്റു അംഗങ്ങൾ. മില്ലുകളിൽനിന്ന് തുണി നേരിട്ടെടുത്ത് വസ്ത്രങ്ങൾ നിർമിച്ച് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് മികവുറ്റ തുണിത്തരങ്ങൾ ലഭിക്കുന്നതിനൊപ്പം യൂനിറ്റിലെ അംഗങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കാൻ കഴിയുമെന്ന് സെക്രട്ടറി പറഞ്ഞു.
നഗരസഭയുടെയും സി.ഡി.എസിന്റെ നിർലോഭമായ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. ഉറപ്പായൊരു വരുമാനം അമ്പതോളം കുടുംബങ്ങൾക്ക് ഉറപ്പുനൽകുന്ന ഈ സംരംഭം ഇനിയും ഉയരത്തിലേക്ക് കുതിക്കാനുള്ള ഊർജത്തോടെ സ്വപ്നങ്ങൾ നെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.