സ്വകാര്യ ടെലികോം കമ്പനി കേബിൾ സ്ഥാപിക്കൽ; പുനലൂർ നഗരസഭ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ട്
text_fieldsപുനലൂർ: നഗരസഭ പരിധിയിൽ സ്വകാര്യ ടെലികോം കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് വിജിലൻസ് റിപ്പോർട്ട്.
നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നിയമസഭാ പെറ്റീഷൻ കമ്മിറ്റി മുമ്പാകെ സമർപ്പിച്ച പരാതി ശരിവെക്കുന്നതാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ നെഗോസിയേഷൻ നടത്തി കരാറിൽ ഏർപ്പെടാതിരുന്നത് സെക്രട്ടറിയുടെ വീഴ്ചയായി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടി.
തൂണുകൾ സ്ഥാപിക്കുന്നതിന് കമ്പനി നൽകിയ അപേക്ഷ മതിയായ പരിശോധനയില്ലാതെ അനുമതി നൽകി, സ്വകാര്യ കമ്പനി വാഗ്ദാനം ചെയ്ത തുകയിൽ കൂടുതൽ ലഭിക്കുമായിരുന്നിട്ടും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി എന്നിവ ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങളായ ജി. ജയപ്രകാശ്, കെ. ബിജു എന്നിവരാണ് പരാതി നൽകിയത്. കമ്പനിയുമായി നഗരസഭ കരാറിൽ ഏർപ്പെടാത്തതും കൗൺസിൽ യോഗത്തിൽ വെക്കാതെ അനുമതി നൽകിയതും വീഴ്ചയായി പരാതിയിൽ ഉന്നയിച്ചിരുന്നു.
സമീപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതേ പ്രവർത്തികൾ നടപ്പിലാക്കിയപ്പോൾ അതാത് കൗൺസിലിന്റെ അംഗീകാരത്തോടുകൂടി നെഗോസിയേഷൻ നടത്തിയിരുന്നു.
മുൻകൂറായി മൂന്നു വർഷത്തെ വാർഷിക വർധനയായ 15 ശതമാനം വരെ തുക ആദ്യവർഷം മുതൽ ഈടാക്കിയാണ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളതായും വിജിലൻസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നേരത്തെ നല്കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. കമ്പനി നഗരസഭ ഓഫിസില്‍ അടയക്കാനുള്ള ലക്ഷക്കണക്കിന് രൂപ കാണാത്തത് സംബന്ധിച്ച് കൂടി തുടര്‍ അന്വേഷണം ആവശ്യപ്പെടുമെന്നും സെക്രട്ടറിയെ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജി. ജയപ്രകാശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.