നിർദിഷ്ട ബൈപാസ്; അപകടം കുറക്കലും പട്ടണവികസനവും ലക്ഷ്യം
text_fieldsപുനലൂർ: പുനലൂരിലെ നിർദിഷ്ട ബൈപാസ് ദേശീയപാതയിലെ ഉൾപ്പെടെ അപകടം കുറക്കുന്നതിനും പുനലൂർ പട്ടണത്തിലെ തിരക്ക് ഒഴിവാക്കി സുഗമമായ യാത്രക്കും ഇടയാക്കും. പുനലൂർ ടൗണിലെ എൻ.എച്ച് 744ലും മലയോര ഹൈവയിലും ഗതാഗതക്കുരുക്കിന് പരിഹാരമായി എൻ.എച്ച് 744 ലെ പൈനാപ്പിൾ ജങ്ഷനും ഇടമൺ ജങ്ഷനും ഇടയിൽ 11.50 കിലോമീറ്ററാണ് പുനലൂർ ബൈപാസ്. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം പുനലൂർ ബൈപാസിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തി 2020 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഈ പദ്ധതിക്കായി ടോക്കൺ അനുവദിച്ചു.
2021 ജൂലൈ ഏഴിന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേര്‍ന്ന ജില്ലതല അവലോകന യോഗത്തിൽ പി.എസ്. സുപാല്‍ എം.എല്‍.എ പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ക്രമീകരണത്തിനായി തുടർ വകുപ്പുതല നടപടികൾക്ക് മന്ത്രി നിർദേശിച്ചു. തുടർനടപടിക്കായി മുപ്പതുലക്ഷം രൂപ അനുവദിച്ചു. പ്രാഥമികസർവേയുടെ സ്കെച്ചും ഡ്രോയിങ്ങിന്റെയും അടിസ്ഥാനത്തിൽ ഡിസൈനിങ് വിഭാഗം വിശദമായ ഫൈനല്‍ അലൈൻമെൻറ് നിശ്ചയിച്ച് പരിശോധനക്കായി പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തിന് കൈമാറി. ഗതാഗതക്കുരുക്കിന് പരിഹാരമായി കേരള പൊതുമരാമത്ത് വകുപ്പും ടൗണിൽ ബൈപാസ് ആവശ്യം നിർദേശിച്ചിട്ടുണ്ട്. വാണിജ്യമേഖലകളിലെ രണ്ട് റോഡുകളുടെയും വീതി കുറഞ്ഞതിനാലാണ് നഗരത്തില്‍ ഗതാഗതതടസ്സം.
ഈ രണ്ട് റോഡും പരമാവധി വികസിപ്പിച്ചതിനാൽ വീതി കൂട്ടുന്നതിന് ഏകദേശം 3.8 കിലോമീറ്റർ നീളത്തിൽ റോഡിനോട് ചേർന്നുള്ള 80 ശതമാനം വന്‍കിട വാണിജ്യ കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുക്കേണ്ടിവരും. ഇതിനുള്ള ചെലവ് അമിതമായിരിക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ലോക്സഭയിൽ ഉള്‍പ്പെടെ ഉയർന്നെങ്കിലും പരിഹാരം അകലെയാണ്.
പുനലൂർ-പൊൻകുന്നം പാത കൂടി കമീഷന് ചെയ്യുന്നതോടെ ട്രാഫിക് നിരക്ക് കൂടി അപകടസാധ്യത പല മടങ്ങാവും. പാതയുടെ സുരക്ഷയും അപകടസാധ്യത കുറക്കുന്നതും പഠിച്ച നാറ്റ് പാക് പാതയില്‍ അപകടസാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാതയിൽ ചെയ്യേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപ്പായില്ല. കൊടും വളവുകളുള്ള ഹൈവേയിൽ ചിലയിടങ്ങളിൽ നികത്താനാകാത്തവയുമുണ്ട്. കൊക്കകൾ ഉള്ള വശത്ത് ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാനുണ്ട്.
മണ്ഡലത്തില്‍ ദേശീയപാതയിലാകെ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിൽ 850 ലധികം അപകടങ്ങളും 100 ലധികം മരണങ്ങളുമുണ്ടായി. മണ്ഡലകാലത്തുള്പ്പെടെ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് നിര്‍ദിഷ്ട ബൈപാസ് വഴിയേ ശബരിമലയിലേക്കും വടക്കന്‍ ജില്ലകളിലേക്കും പോകാനാകൂ. കല്ലടയാറിന് കുറുകെ പുതിയ പാലം ഗതാഗതം സുഗമമാക്കും. 11.500 കിലോമീറ്റർ നീളത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി നിർമിക്കുന്ന നിലയിലാണ് പ്രപ്പോസല്‍. ഏകദേശം 55 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനും 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.