പുനലൂർ: എസ്റ്റേറ്റ് മേഖലയിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ നിർമിക്കും
text_fieldsപുനലൂർ: വാഹന സൗകര്യമില്ലാതെ അച്ചൻകോവിൽ പ്രിയ, അമ്പനാട് എസ്റ്റേറ്റ് മേഖലയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഹോസ്റ്റൽ നിർമിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. നെടുമ്പാറ ടി.സി.എൻ.എം സ്കൂളിൽ നടന്ന പരിപാടിയിലാണ് എസ്.എസ്.എയുടെ സഹായത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഹോസ്റ്റൽ നിർമിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞത്. താമസസൗകര്യം ഇല്ലാത്തതിനാൽ സ്ഥിരം നിയമനം ലഭിക്കുന്ന അധ്യാപകരും സ്കൂൾ വിട്ട് പോകുന്ന സാഹചര്യമുണ്ട്.
പ്രിയ എസ്റ്റേറ്റിലെ കുട്ടികൾ വനത്തിലൂടെ സഞ്ചരിച്ച് 18 കിലോമീറ്റർ അകലെ നെടുമ്പാറ ഗവ. ടി.സി.എൻ.എം സ്കൂളിലാണ് പഠിക്കുന്നത്. യു.കെ.ജിമുതൽ പ്ലസ് ടുവരെ എട്ട് വിദ്യാർഥികളുണ്ട്. എല്ലാവരും നിർധനരായ തോട്ടം തൊഴിലാളികളുടെ മക്കളാണ്. ഒരു ദിവസം കുട്ടികൾ സ്കൂളിൽ പോയിവരുന്നതിന് ജീപ്പ് വാടക 1200 രൂപ വേണം. രണ്ട് മാസത്തെ വാടക മുടങ്ങിയതോടെ ജീപ്പ് വരാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോകുന്നത് മുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ ആറിന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
കുട്ടികളുടെ ദുരവസ്ഥ മനസ്സിലാക്കി തുടർയാത്രക്ക് അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ അധികൃതർ വാഹനസൗകര്യം ഏർപ്പെടുത്തി. കുട്ടികൾ സ്വരൂപിച്ച തുകയുടെ ചെക്ക് നെടുമ്പാറ സ്കൂൾ പ്രഥമാധ്യാപിക ദീപക്ക് എം.എൽ.എ കൈമാറി. രാജീവ് അധ്യക്ഷതവഹിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വൈസ് പ്രസിഡന്റ് രമണി, പി.ടി.എ പ്രസിഡന്റ് മേരി, സലിം, ഫാ. ബോബസ്, മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.