പുനലൂര്‍-ചെങ്കോട്ട റെയില്‍വേ വൈദ്യുതീകരണം മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തീകരിക്കും
text_fieldsപുനലൂർ: പുനലൂര്‍ ചെങ്കോട്ട റെയില്‍വേ പാത വൈദ്യുതീകരണം 2024 മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തീകരിക്കും. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയും ഭഗവതിപുരം മുതല്‍ ചെങ്കോട്ട വരെയും വൈദ്യുതീകരണം ഇതിനകം പൂര്‍ത്തീകരിച്ചിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിധ്യത്തിൽ പുനലൂരില്‍ ചേര്‍ന്ന ദക്ഷിണ റെയില്‍വേ മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വൈദ്യുതീകരണം വേഗത്തിലാക്കാൻ തീരുമാനമെടുത്തത്.
അമൃത ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനലൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ഒന്നാം ഘട്ടം 5.43 കോടി രൂപയുടെ പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്റെ നിലവിലുള്ള പാര്‍ക്കിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സര്‍ക്കുലേറ്റിങ് ഏരിയ നിര്‍മിക്കും. പൂന്തോട്ടം, നടപ്പാത, ലാന്‍ഡ് സ്കേപിങ് എന്നിവ സജ്ജമാക്കി റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗം സൗന്ദര്യവത്കരിക്കും. നിലവിലുള്ള പാര്‍ക്കിങ് ഏരിയ മാറ്റി ഒരേസമയം 200 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം സജ്ജമാക്കും.
റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളില്‍ മുഴുവനായി മേല്‍ക്കൂര നിര്‍മിക്കും. സ്റ്റേഷനില്‍ ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ കൂടുതലായി സജ്ജീകരിക്കും. രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കും. പ്ലാറ്റ്ഫോമുകള് പൂര്‍ണമായും നവീകരിക്കും.
രണ്ടാം ഘട്ടമായി റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം സ്റ്റേഷന് കെട്ടിടത്തിനു പകരം പുതിയ കെട്ടിടവും നിര്‍മിക്കും. രണ്ടു പ്രവേശന കവാടങ്ങളെയും ബന്ധിപ്പിച്ച് ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കും.
കൊല്ലം-ചെങ്കോട്ട ലൈനിൽ ട്രെയിനുകള്‍ ആരംഭിക്കാന്‍ കഴിയാത്തത് 14ല്‍ കൂടുതല്‍ കോച്ചുകള്‍ ഓടിക്കുന്നതിനുള്ള സാങ്കേതികമായ അനുമതി പത്രം ഇല്ലാത്തതുകൊണ്ടാണെന്ന് എം.പി പറഞ്ഞു. കോച്ചുകളുടെ എണ്ണം 14ല്‍നിന്ന് വർധിപ്പിച്ച് കുറഞ്ഞത് 18 ആക്കണമെന്ന ആവശ്യത്തിൽ സാങ്കേതിക പഠനമായ കപ്ലര്‍ ഫോഴ്സ് ട്രയല്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുനലൂരില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിലെ അറ്റകുറ്റപ്പണി റെയില്‍വേ നേരിട്ട് നടപ്പാക്കും. റോഡ് പെട്ടെന്ന് തകരാനുള്ള കാരണം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതമാണ്. ബലമേറിയ റോഡ് നിർമിക്കണമെങ്കില് എഫ്.സി.ഐയുടെ കൂടി സഹായം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു. കൊല്ലത്തുനിന്ന് പുനലൂരിലേക്ക് മെമു ട്രെയിന്‍ ഓടിക്കുന്നത് പരിഗണിക്കാമെന്നും വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് പുനലൂരില്‍നിന്ന് ചെങ്കോട്ടയിലേക്ക് ദീര്‍ഘിപ്പിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ സീനിയര്‍ ഡിവിഷനല്‍ എൻജിനീയര്‍ പ്രവീണ, സ്റ്റേഷന് മാനേജര്‍ റിയാസ്, ട്രാഫിക് ഇന്‍സ്പെക്ടര്‍ ബിജുലാല്‍, ബിജു പണിക്കര്‍, അരവിന്ദ് സുരേഷ്, അര്ജുന് ദാസ്, പി. പ്രദീപ് , നിതിന്‍ ആസ്റ്റിന്‍ തുടങ്ങിയവർ പങ്കെടുത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.