പുനലൂർ ഗവ. പോളിടെക്നിക് കോളജ്; തകർച്ചയിലായ കെട്ടിടം വിദ്യാർഥികൾക്ക് ഭീഷണി
text_fieldsപുനലൂർ: പൊട്ടിപ്പൊളിഞ്ഞ് എതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടങ്ങളും ചുറ്റുവട്ടം കാടുമൂടിയതും പുനലൂർ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥികൾക്ക് സുരക്ഷ ഭീഷണി ഉയയർത്തുന്നു. ജില്ലയിലെ നോഡൽ പോളിടെക്നിക്കാണ് പുനലൂരിലേത്.
ഇവിടെയെത്തുന്ന വിദ്യാർഥികളുടെയും ജീവനക്കാരുടേയും സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. കല്ലട ജലസേചന വകുപ്പിന്റെ (കെ.ഐ.പി) ഉടമസ്ഥതയിലുള്ള നെല്ലിപ്പള്ളിയിലെ 3.3 എക്കർ സ്ഥലത്തും പഴയ കെട്ടിടങ്ങളിലും 1998 ലാണ് പോളിടെക്നിക് സ്ഥാപിതമായത്.
കെ.ഐ.പിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ അന്ന് വിട്ടുകൊടുത്തതിലാണ് എറെക്കാലം പോളിയുടെ ക്ലാസുകളും ഓഫിസുകളും പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് പുതിയ ബഹുനില മന്ദിരം നിർമിച്ച് ക്ലാസുകളും മറ്റും അതിലേക്ക് മാറ്റിയെങ്കിലും പഴയ കെട്ടിടങ്ങൾ അതേപടി വളപ്പിൽ ഉപയോഗമില്ലാതെ നിലനിൽക്കുന്നു.
ഇരുനില കെട്ടിടം ഉൾപ്പടെ കാടുമൂടി തകർച്ചയിലാണ്. മേൽക്കൂരയും ഭിത്തിയും വീണ്ടുകീറി. മറ്റ് കെട്ടിടങ്ങളുടെ അവസ്ഥയും അപകടനിലയിലാണ്. മുൻവശത്തുള്ള ഒരു കെട്ടിടത്തോട് ചേർന്നുള്ള കൂറ്റൻമരം എതുസമയത്തും ഈ കെട്ടിത്തിലടക്കം പിഴുതുവീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു.
കാൻറീനിനോട് ചേർന്ന മറ്റൊരു ഇരുനില കെട്ടിടം കാടുമൂടിതകർച്ചയിലാണ്. ഇതിനോട് ചേർന്നാണ് പ്രധാന കെട്ടിടവും ക്ലാസുമുറികളും ഓഫിസും ജീവനക്കാരുടെ വാഹനം പാർക്കിങ് ഷെഡുമുള്ളത്. ഇപ്പോൾ ഉപയോഗിക്കാതെ ഉപേക്ഷിച്ചതും കെ.ഐ.പിയുടെ ശേഷിക്കുന്ന കെട്ടിടങ്ങളും പരിസരവും കാടുമൂടി വിഷപാമ്പുകളുടേയും മറ്റും താവളമാണ്. ഈ അധ്യായന വർഷം തുടക്കത്തിലെങ്കിലും പരിസരത്തെ കാടുനീക്കാനും മതിയായ സുരക്ഷ ഒരുക്കാനും അധികൃതർ തയ്യാറായില്ല. നാശത്തിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ പോളി അധികൃതർ പൊതുമരാമത്ത് വകുപ്പിന് മുമ്പ് കത്ത് നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായെന്ന് പ്രിൻസിപ്പൽ പറഞ്ഞു. നിർമിക്കുന്ന മുറക്ക് നാശത്തിലായ ചില കെട്ടിടങ്ങൾ പൊളിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.