പുനലൂർ-കൊല്ലം പാത വൈദ്യുതീകരണം: സുരക്ഷാപരിശോധന നടത്തി
text_fieldsപുനലൂർ: പുനലൂർ-കൊല്ലം റെയിൽപാത വൈദ്യുതീകരണ സുരക്ഷ പരിശോധനയും വേഗപരിശോധനയും പൂർത്തിയാക്കി. ദക്ഷിണ റെയിൽവേയുടെ സതേൺ സർക്കിൾ സുരക്ഷ കമീഷണർ അഭയകുമാർ റായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലത്ത് നിന്നും പകൽ 11.30ന് ആരംഭിച്ച വൈദ്യുതീകരണ സുരക്ഷാപരിശോധന 12.30 ഓടെ പുനലൂർ സ്റ്റേഷനിൽ അവസാനിച്ചു. ഷോർട്ട് സർക്ക്യൂട്ട്, വേഗം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. തുടർന്ന് പുനലൂർ നിന്ന് കൊല്ലത്തേക്ക് പുതിയ ലൈനിൽ ബന്ധിപ്പിച്ച് എൻജിൻ ഓടിച്ച് വേഗവും പരിശോധിച്ചു. പെരിനാട് സബ്സ്റ്റേഷനിൽ നിന്ന് 25000 വോൾട്ട് വൈദ്യുതിയാണ് പുതിയ ലൈനിലേക്ക് ചാർജ് ചെയ്തത്.
പരിശോധനയുടെ മുന്നോടിയായി മധുര ഡിവിഷൻ മാനേജർ പി. ആനന്ദ് രഘുനാഥും സംഘവും ശനിയാഴ്ച പ്രാഥമിക പരിശോധന നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചിരുന്നു. ലൈൻ വൈദ്യുതീകരണത്തിൽ നിരവധി ചെറിയ ന്യൂനതകൾ പരിശോധനയിൽ പലയിടത്തും കണ്ടെത്തി. ഇതുകൂടി പരിഹരിച്ച് വീണ്ടും പരിശോധന നടത്തിയ ശേഷമായിരിക്കും പൂർണമായും ഈ ലൈനിൽ വൈദ്യുതി എൻജിൻ ഓടിക്കുക.
ഈ ലൈനിന്‍റെ ഭാഗമായുള്ള പുനലൂർ-ചെങ്കോട്ട പാതകൂടി വൈദ്യുതീകരിച്ചാലേ പൂർണമായ പ്രയോജനം ലഭിക്കുകയുള്ളൂ. ഇതിനായി പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. ചീഫ് പ്രോജക്ട് ഡയറക്ടർ സെമീർ ബെയ്ഗ്, പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ആർ.സി. മേത്ത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.