പുനലൂർ നഗരസഭയുടെ വാഹനങ്ങൾ നശിക്കുന്നു
text_fieldsപുനലൂർ: നഗരസഭയുടെ വാഹനങ്ങൾ സമയത്തിന് അറ്റകുറ്റപ്പണി ചെയ്യാതെ ഉപേക്ഷിച്ചത് കിടന്ന് നശിക്കുന്നു. ചെമ്മന്തൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപവും ഹൈസ്കൂൾ ജംങ്ഷനിൽ വർക്ഷോപ്പിന് സമീപവുമാണ് വാഹനങ്ങൾ ഉപേക്ഷിച്ച നിലയിലുള്ളത്. മിനി ലോറികൾ, പിക്അപ് ഓട്ടോകൾ, റോഡ് റോളർ, ജീപ്പ് എന്നീ വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ബോഡി കവറിങ്ങുള്ള മിനി ലോറികളും പെട്ടി ഓട്ടോകളും നഗരത്തിലെ മാലിന്യനീക്കത്തിന് ഉപയോഗിച്ചിരുന്നതാണ്.
നിസാര അറ്റകുറ്റപ്പണിക്കായി ഒതുക്കിയിട്ടിരുന്ന വാഹനങ്ങളായിരുന്നു ഇത്. പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാതെയായതോടെ ഇവ വെയിലും മഴയും ഏറ്റും കാടുകയറിയും നശിക്കുകയായിരുന്നു. ചെമ്മന്തൂരിൽ ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന ജീപ്പിനും പെട്ടി ഓട്ടോക്കും നിസാര തകരാറ് മാത്രമുള്ളതാണ്. മുമ്പ് ഒരു പിക്അപ് ഓട്ടോ കാണാതായത് വിവാദമായിരുന്നു.
അവസാനം ഈ വാഹനം ഇളമ്പലിൽ ഒരു വർക്ഷോപ്പിന് സമീപം നശിച്ച നിലയിൽ കണ്ടെത്തി. അറ്റകുറ്റപ്പണിക്കായി വർക്ഷോപ്പിൽ കൊണ്ടുവന്നത് അധികൃതർ പിന്നീട് തിരിഞ്ഞുനോക്കാതെ ഇവിടെ കിടന്നു നശിക്കുകയായിരുന്നു. ആക്രിക്ക് ലേലത്തിന് കൊള്ളാത്ത നിലയിൽ ജീപ്പും ഒരു പിക്അപ് ഓട്ടോയും ഒഴികെയുള്ള വാഹനങ്ങൾ നശിച്ചിട്ടുണ്ട്. നഗരസഭയുടെ റെക്കോഡുകളിൽ ഈ വാഹനങ്ങളെല്ലാം ഇപ്പോഴും ഉപയോഗത്തിലുള്ളതെന്നാണ്.
നിസാരമായ അറ്റകുറ്റപ്പണിപോലും സമയത്തിന് ചെയ്യാതെ വാഹനങ്ങൾ എന്നത്തേക്കും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങൾ ഉപയോഗശൂന്യമെങ്കിൽ ലേലംചെയ്തു കൊടുക്കാനും അധികൃതർ തയാറാകുന്നില്ല.
ഇതിലൂടെ നഗരസഭക്ക് വൻ തുകയാണ് നഷ്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.