പുനലൂർ നഗരസഭ മിനിട്സ് വിവാദം; വിജിലൻസ് യു.ഡി.എഫ് അംഗങ്ങളുടെ മൊഴിയെടുത്തു
text_fieldsപുനലൂർ: നഗരസഭയിലെ മിനിട്സ് ബുക്ക് തിരുത്തൽ വിവാദത്തോടനുബന്ധിച്ച് നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി യു.ഡി.എഫ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. നഗരസഭ കാര്യാലയത്തിൽ തിങ്കളാഴ്ച രാവിലെ 11 ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് ആറരവരെ നീണ്ടു.
ആഭ്യന്തര വിജിലൻസ് ഓഫിസറും നഗരകാര്യ അസി. ഡയറക്ടറുമായ ജെ.ആർ. ലാൽകുമാർ, സൂപ്രണ്ട് പ്രവീൺകുമാർ, അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ച 22 വിഷയങ്ങളുടെ ഫയലുകളും സംഘം പ്രാഥമിക പരിശോധന നടത്തി.
ബന്ധപ്പെട്ട ഓരോ വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തെളിവുകൾ ശേഖരിക്കൽ, ഫയൽ സൂക്ഷ്മ പരിശോധന, മൊഴി രേഖപ്പെടുത്തൽ എന്നിവ നടത്തിയത്. ആരോപണം ഉന്നയിച്ച 19 എണ്ണത്തിൽ കാതലായ പ്രശ്നങ്ങൾ ഉണ്ടെന്ന് വിജിലൻസ് സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് നഗരസഭയുടെ പേരിൽ വ്യാജമായി അക്കൗണ്ട് ആരംഭിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയത് സംബന്ധിച്ച് രേഖകൾ യു.ഡി.എഫ് അംഗങ്ങൾ വിജിലൻസ് സംഘത്തിന് കൈമാറി. ഒരു കൗൺസിലറിന്റെ ബന്ധുവിന്റെ കെട്ടിടം വെല്‍നെസ് സെന്റർ ആരംഭിക്കുന്നതിന് നിയമവിരുദ്ധമായി വൻ തുക വാടക നൽകി ഏറ്റെടുത്തതും ചൂണ്ടിക്കാട്ടി.
നഗരസഭയിൽ ഇല്ലാത്ത ഇലക്ട്രീഷന്‍ സഹായികളായി ആളുകളെ നിയമിച്ചത്, തസ്തിക നിലവിലില്ലാത്ത സെക്യൂരിറ്റി ജോലിക്കായി ആളുകളെ നിശ്ചയിച്ചത്, നിലവിലുള്ള വാഹനങ്ങളെകാൾ കൂടുതൽ താൽകാലിക ഡ്രൈവർമാരെ നിയമിച്ചത്, അംഗീകാരമില്ലാതെ പലർക്കും ശമ്പളം നൽകിയതിന്റെ രേഖകൾ, അനധികൃത സെക്യൂരിറ്റി നിയമനം അടക്കം രേഖകൾ വിജിലൻസിന് കൈമാറിയിയതായി യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. തുടർ പരിശോധന വിജിലൻസ് നേതൃത്വത്തിൽ നടക്കുമെന്നും ആരോപണങ്ങൾ തെളിയിക്കാൻ മുഴുവൻ രേഖകളും ആവശ്യമെങ്കിൽ വിജിലൻസിന് കൈമാറുമെന്നും പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.
‘യു.ഡി.എഫ് നാടകം അവസാനിപ്പിക്കണം’
പുനലൂർ: വികസന പ്രവർത്തനം തടസ്സപ്പെടുത്തുന്ന നിലയിലേക്കുള്ള യു.ഡി.എഫിന്റെ പൊറാട്ടു നാടകം അവസാനിപ്പിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ബി. സുജാത ആവശ്യപ്പെട്ടു.
ഭരണ സൗകര്യത്തിനു വേണ്ടിയും ജനങ്ങൾക്ക് അടിയന്തര സേവനം ലഭ്യമാക്കുന്നതിനും ഭരണസമിതി സർക്കാർ അനുമതിയോടെ ചില കാര്യങ്ങൾ ചെയ്യേണ്ടിവരും. വിജിലൻസ് കേസ് ആരു കൊടുത്താലും അന്വേഷിക്കേണ്ടത് അവരുടെ ചുമതലയാണ്. പുനലൂർ നഗരസഭയിൽ വിജിലൻസ് പരിശോധന പുതിയ കാര്യമല്ല.
നഗരസഭയിലെ കുടിവെള്ള വിതരണ സംവിധാനം തടസപ്പെടുത്തിയ ശേഷം വാർത്താസമ്മേളനങ്ങൾ വിളിച്ച് കുടിവെള്ളം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. ഇത്തരം കുപ്രചരണങ്ങൾ ജനങ്ങൾ പാടെ തള്ളിക്കളയുമെന്ന് അധ്യക്ഷ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.