പുനലൂർ നഗരസഭ: ജൂബിലി വർഷത്തിൽ വികസനത്തിൽ പിന്നോട്ടോടി
text_fieldsപുനലൂർ: സുവർണ ജൂബിലിയിലെത്തിയ പുനലൂർ നഗരസഭ, പുതിയ ഭരണസമിതിയുടെ ആദ്യവർഷത്തിൽ വികസനകാര്യങ്ങളിൽ പിന്നാക്കംപോയി എന്ന രൂക്ഷ വിമർശനം ഒരുവശത്തും എല്ലാം കോവിഡ്കാരണമെന്ന ഭരണപക്ഷ വിശദീകരണം മറുവശത്തും ഉയരുകയാണ്. പല കാരണങ്ങളാൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത വർഷമാണ് കഴിഞ്ഞുപോയത്. ബജറ്റിൽ നിരവധി ജനക്ഷേമ പദ്ധതികൾ ഉൾകൊള്ളിച്ചെങ്കിലും കാര്യമായൊന്നും നടപ്പാക്കാനായില്ല. കോവിഡ് പ്രതിസന്ധിയും നഗരസഭ നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ഭരണരംഗത്തെ പിടിപ്പുകേടും ഇതിന് കാരണമായിട്ടുണ്ട്.
തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിലും നിരത്തിലെ കുഴിയടക്കുന്നതിലും കാര്യക്ഷമമായി ഇടപെടാനായില്ല. വികസനമില്ലായ്മ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇത്രത്തോളം പ്രതിഷേധിച്ച ഒരു വർഷവും മുമ്പുണ്ടായിട്ടില്ല. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒരളവുവരെ നഗരസഭയിൽ കഴിഞ്ഞു.
എന്നാൽ, രോഗികളുടെ എണ്ണത്തിലോ മരണത്തിലോ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കോവിഡ് പ്രതിരോധത്തിലെ ചെലവുകൾ സംബന്ധിച്ച് നിരവധി ആരോപണവും ഉയർന്നു. താലൂക്കാശുപത്രിയിൽ ഓക്സിജൻ ജനറേഷന് നിലവിലുള്ള പ്ലാൻറ് നഗരസഭ ഫണ്ടായ 50 ലക്ഷം രൂപ ചെലവിൽ നവീകരിക്കാൻ കഴിഞ്ഞത് ജൂബിലി വർഷത്തിലെ പ്രധാനനേട്ടമായി വിലയിരുത്താം.
കോവിഡ് പ്രതിരോധത്തിന് രണ്ടേകാൽ കോടി ചെലവ് ചെയ്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായാണ് ഭരണാധികാരികളുടെ പ്രധാന അവകാശവാദം. എന്നാൽ നികുതി പിരിക്കൽ, വരുമാന വർധനവിനുള്ള മറ്റ് നടപടികൾ കാര്യമായി ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം മുടങ്ങി ജീവനക്കാരും ബുദ്ധിമുട്ടിയതോടെ ഇവരുടെ പ്രതിഷേധവും പലപ്പോഴുമുണ്ടായി. പട്ടികജാതിക്കാരടക്കം ഒരാൾക്കുപോലും ഭൂമിയോ വീടോ നൽകാനായില്ല. മുൻ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളിൽ മിക്കതും ഇനിയും പൂർത്തിയാക്കിയിട്ടില്ല. തൊളിക്കോട്ടെ ശ്മശാനംപോലും നഗരവാസികൾക്ക് പ്രയോജനപ്പെടുത്താൻ നടപടിയുണ്ടായില്ല എന്നതാണ് നിലവിലെ ചിത്രം.
'ജനക്ഷേമ പ്രവർത്തനം ഫലപ്രദമാക്കി'
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് പരമാവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനായി. കോവിഡിന്റെ മൂർധന്യാവസ്ഥയിൽ കാര്യക്ഷമമായ ഇടപെടലാണ് നഗരസഭ നടത്തിയത്. ഈ ഇനത്തിൽ രണ്ടേകാൽ കോടിയാണ് ചെലവിട്ടത്. ഇതുകാരണം ചില വികസന പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടായി.
എന്നാൽ, മറ്റ് കാര്യങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങളുടെ ആരോഗ്യവും ജീവനും മുൻതൂക്കം നൽകാനായി. കോവിഡ് രോഗികൾക്കായി സി.എഫ്.എൽ.റ്റി.സികളും ഡി.സി.സികളും തയാറാക്കി. ആംബുലൻസ് അടക്കം വാഹനങ്ങൾ, നഗരസഭ ഫണ്ട് ഉപയോഗിച്ച് താലൂക്കാശുപത്രിയിൽ ഓക്സിജൻ ജനറേഷൻ പ്ലാൻറ് പുനഃസ്ഥാപിച്ചവയടക്കം സൗകര്യങ്ങൾ എത്തിച്ചു.
താലൂക്കാശുപത്രിയിൽ ബഹുനില മന്ദിരവും ചികിത്സസംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കും. ഏഴുനില ഷോപ്പിങ് കോംപ്ലക്സ് നവീകരണം മാർച്ചോടെ പൂർത്തിയാക്കും. ആധുനിക അറവുശാലയുടെ നിർമാണവും ഉടൻ ആരംഭിക്കും. ടൗൺഹാളിന്റെ ആദ്യഘട്ട നിർമാണത്തിനായി ഫണ്ട് വകയിരുത്തി. ഇൻഡോർ സ്റ്റേഡിയം നിർമാണവും അവസാനഘട്ടത്തിലാണ്. വഴിവിളക്കുകൾ പൂർണമായി കത്തിക്കാൻ നടപടിയായി.
വാർഡ് തലത്തിൽ റോഡ് മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും ടെൻഡറായി, ഉടൻ പണി ആരംഭിക്കും. റെയിൽവേ ഗേറ്റിന് സമീപം വഴിയോര വിശ്രമകേന്ദ്രം നിർമാണ നടപടിയായി. കലയനാട്ട് ഗ്രാമീണ പ്രാഥമിക ആരോഗ്യകേന്ദ്രം ഉടൻ ആരംഭിക്കും. പി.എച്ച്.എസിക്ക് പുതിയ കെട്ടിടം നിർമിക്കാനും ഫണ്ട് വകയിരുത്തി. ഹോമിയോ ആശുപത്രിയുടെ രണ്ടാംഘട്ടം നവീകരണം ഉടൻ ആരംഭിക്കും. ആയുർവേദ ആശുപത്രിക്ക് കലയനാട് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടത്തിനുള്ള നടപടിയായി.
നിമ്മി എബ്രഹാം (ചെയർപേഴ്സൺ)
'നഗരഭരണം ദുരന്തം'
പിന്നിട്ട ഒരു വർഷത്തെ നഗരഭരണം തീർത്തും ദുരന്തമായിരുന്നു. ജനക്ഷേമകരമായ ഒരു പദ്ധതിപോലും ആവിഷ്കരിച്ച് നടപ്പാക്കാനായില്ല. മരാമത്ത് പണിക്ക് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന മുഴുവൻ തുകയും പാഴാക്കി. വസ്തു വാങ്ങാൻ പട്ടികജാതി കുടുംബങ്ങൾക്ക് നീക്കിവെച്ചിരുന്ന 50 ലക്ഷം രൂപയും പാഴാക്കി. പട്ടണത്തിലെയടക്കം വഴിവിളക്കുകൾ കത്തിക്കാൻ ഒരു വർഷമായിട്ടും നടപടിയെടുത്തില്ല.
ഗ്രാമീണ റോഡുകളടക്കം മുഴുവനും തകർന്നു. പ്രധാന വരുമാന സ്രോതസ്സായ എഴുനില ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചിട്ടിട്ട് അഞ്ചുവർഷമായി. ലൈഫ് പദ്ധതിയിൽ വീടു നിർമിക്കാൻ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇവിടെ നിർവഹിച്ചത് തറക്കല്ലിട്ടതല്ലാതെ പൂർത്തിയാക്കിയില്ല. ഇക്കാലയളവിൽ നിർധനരായ ഒരു കുടുംബത്തിനുപോലും വീടും സ്ഥലവും അനുവദിച്ചില്ല.
തൊളിക്കോട്ടെ ശ്മശാനം മാസങ്ങളോളം പ്രവർത്തനരഹിതമായതിനാൽ ശവമടക്കിന് തെന്മല പഞ്ചായത്തിലെ ശ്മശാനത്തെ ആശ്രയിക്കേണ്ടിവന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരാൾക്കുപോലും തൊഴിൽ നൽകിയില്ല.
ജീവനക്കാർക്ക് സമയത്തിന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിനാൽ ഇടതു ജീവനക്കാർപോലും സമരം ചെയ്യേണ്ടിവന്നു. ഭരണക്കാരെ വിമർശിക്കുന്ന സെക്രട്ടറിയുടെ സന്ദേശങ്ങളും തുടർന്നുള്ള വടംവലിയും ഒത്തുകളിയും ജനങ്ങൾക്ക് പറഞ്ഞുചിരിക്കാൻ അവസരം നൽകിയതാണ് ഒരു വർഷത്തെ നേട്ടം.
ജി. ജയപ്രകാശ്, (പ്രതിപക്ഷനേതാവ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്)
'പ്രതിസന്ധികളെ അതിജീവിച്ച് ഒന്നാമത്'
കോവിഡ് അടക്കം പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനത്തും സംസ്ഥാനത്ത് 17 സ്ഥാനത്തും പുനലൂർ നഗരസഭക്ക് എത്താനായി. ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോവിഡ് പ്രധാന തടസ്സമായിരുന്നു.
മാസങ്ങളോളം നഗരസഭ കാര്യാലയം അടക്കം അടച്ചിട്ടിരുന്നത് പദ്ധതി നിർവഹണത്തിന് വെല്ലുവിളിയായി. വികസന ഫണ്ടിൽനിന്നാണ് കോവിഡ് പ്രതിരോധത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. ഇതുകാരണം ജില്ലയിൽ എമ്പാടുമുള്ള ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് നഗരസഭയുടെ ഫണ്ട് ചെലവിടാനായത് അഭിമാനം നൽകുന്നു. ഓഫിസ് പ്രവർത്തനം ഒമ്പത് മാസത്തോളം മുടങ്ങിയതും കനത്ത മഴയും കാരണം വിഭാവനം ചെയ്ത പല പദ്ധതികളും പൂർത്തിയാക്കാനായില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സ്വന്തമായി ഭൂമിയും അതിനുള്ളിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ഷോപ്പിങ് കോംപ്ലക്സും നിർമിക്കാൻ നടപടിയായി. വട്ടപ്പടയിൽ പോളിടെക്നിക്കിനുള്ള അഞ്ച് ഏക്കർ സ്ഥലം നഗരസഭ തിരികെയെടുത്ത് ആധുനിക പഴം പച്ചക്കറി സംഭരണത്തിന് ആധുനികശാല സ്ഥാപിക്കും. കൂടാതെ കിഴങ്ങുവർഗ സംഭരണവും ആരംഭിക്കും. നൈപുണ്യ വികസന പദ്ധതിയിലൂടെയും നിരവധിയാളുകൾക്ക് തൊഴിൽ നൽകാനായി.
വി.പി. ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.