കാടുമുടി ആർക്കും വേണ്ടാതെ പുനലൂരിലെ പാർക്ക്
text_fieldsപുനലൂർ: ആളുകൾക്ക് വിശ്രമത്തിനും കല്ലടയാറിന്റെയും തൂക്കുപാലത്തിന്റെയും സൗന്ദര്യം നുകരാനുമായി നിർമിച്ച പാർക്ക് പട്ടണത്തിന് ശാപമാകുന്നു. പാർക്ക് കാടുമുടി ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി.
പാർക്ക് നിർമിച്ച ജില്ല ടൂറിസം പ്രമോഷൻ കൗൺസിലോ പുനലൂർ നഗരസഭയോ പാർക്ക് സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്തം കാണിക്കുന്നില്ല. ഓണമടുക്കുമ്പോൾ വൃത്തിയാക്കിയാൽ പിന്നെ തിരിഞ്ഞുനോട്ടമില്ല. ബാക്കി സമയങ്ങളിൽ പാർക്ക് ഇഴജന്തുക്കളുടേയും സാമൂഹികവിരുദ്ധരുടെയും നിയന്ത്രണത്തലാണ്.
കാണാനെത്തുന്നവർക്ക് ഇതിന്റെ പരിസരത്തുപോലും പോകാനാകില്ല. പാർക്കിൽ നിന്നു പാമ്പുകളടക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് കയറുന്നത് ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നു.
വൻതുക മുടക്കി കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടത്തിൽ കടകളെടുത്ത കച്ചവടക്കാരും ഭീഷണിയിലാണ്. ബസ് ഡിപ്പോയുടെ പിറകിലായി കല്ലടയാറിന്റെ തീരത്ത് അഞ്ചുവർഷം മുമ്പാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ 25 ലക്ഷം രൂപ ചെലവിൽ പാർക്ക് നിർമിച്ചത്. ഏറെക്കാലം നീണ്ട നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞ വർഷമാണ് പൂർത്തിയായി പാർക്ക് തുറന്നുകൊടുത്തത്.
പാർക്കും നടപ്പാതയുമെല്ലാം പൂർണമായും വള്ളിച്ചെടികളും മുൾചെടികളും പടർന്നുകിടക്കുന്നതിനാൽ പരിസരത്തുപോലും പോകാനാകില്ല. തീരത്തുള്ള ഇരിപ്പിടം കാടും മൂടി. ഇവിടെ നിർമിച്ച വിശ്രമകേന്ദ്രം കഞ്ചാവ് ഉൾപ്പെടെ ലഹരി ലോബികളുടെ കേന്ദ്രമാണ്. പാർക്കുമായി ബന്ധിപ്പിച്ച് മൂർത്തിക്കാവ് വരെ ആറ്റിന്റെ തീരത്തുകൂടി നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി സഞ്ചാരികളെ മതിയായ സൗകര്യങ്ങളൊരുക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നത് ഇതുവരെ നടപ്പായിട്ടില്ല.
മലയോര ഹൈവേയിൽ നിന്ന് പാർക്കിലേക്ക് എത്താനുള്ള വെട്ടിപ്പുഴ തോടിനോട് ചേർന്നുള്ള റോഡും സുരക്ഷിതമല്ല. ചെളിമൂടി ബസ് ഡിപ്പോയുടെ സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം ഒഴുകി ദുർഗന്ധം പരത്തുന്ന നിലയിലാണ് ഈ റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.