പുനലൂർ-പൊൻകുന്നം സംസ്ഥാന പാത; നിർമാണം പൂർത്തിയാകും മുമ്പേ ബസുകൾ മത്സര ഓട്ടം തുടങ്ങി
text_fieldsപുനലൂർ: പുനലൂർ- പൊൻകുന്നം സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ബസുകളുടെ മത്സര ഓട്ടം ഭീഷണിയാകുന്നു. പുനലൂരിനും പത്തനംതിട്ടക്കും ഇടയിലാണ് സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിയുമായി മത്സര ഓട്ടം നടത്തുന്നത്.
നേരത്തേയും മത്സര ഓട്ടം ഉണ്ടായിരുന്നെങ്കിലും പാതയുടെ അപകടാവസ്ഥയെ തുടർന്ന് ബസുകളുടെ വേഗത്തിൽ വ്യത്യാസമുണ്ടായിരുന്നു. പാതയുടെ നവീകരണം ഏകദേശം പൂർത്തിയായതോടെ പരമാവധി വേഗത്തിലാണ് ഈ റൂട്ടിൽ ബസുകൾ ഓടുന്നത്. പാതയിൽ വേഗനിയന്ത്രണം, അപകടാവസ്ഥ തുടങ്ങിയവ സൂചിപ്പിക്കുന്ന ബോർഡുകളും സൂചനകളും സ്ഥാപിച്ചിട്ടില്ല.
പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള സ്വകാര്യ ബസ് കമ്പനിയുടെ ബസുകളാണ് പുനലൂർ- പത്തനാപുരം- പത്തനംതിട്ട റൂട്ടിൽ പ്രധാനമായുമുള്ളത്. ഈ ബസുകൾ വിവിധ ഡിപ്പോകളിൽനിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുമായാണ് മത്സരഓട്ടം നടത്തുന്നത്.
പാതയിലെ കുഴികളും വളവുകളും മാറിയതോടെ വളരെ വേഗത്തിൽ ബസുകൾ കടന്നുപോകുന്ന സാഹചര്യമാണ്. യാത്രക്കാരുടെയും കാൽനടക്കാരുടേയും ജീവന് വില കൽപ്പിക്കാതെ പരമാവധി വേഗത്തിലാണ് സ്വകാര്യ ബസുകൾ ഓടുന്നത്.
കെ.എസ്.ആർ.ടി.സി ബസിന് പരമാവധി യാത്രക്കാരെ കുറച്ച് നഷ്ടം കൂട്ടി സർവിസുകളുടെ എണ്ണം കുറക്കുകയാണ് സ്വകാര്യ ബസുകാരുടെ ഉദ്ദേശ്യം. കുറേക്കാലമായി തുടങ്ങിയ തന്ത്രം ഒരുപരിധിവരെ വിജയിച്ചതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ ആവശ്യത്തിന് യാത്രക്കാരില്ലാതെയാണ് ഈ റൂട്ടിൽ ഓടുന്നത്.
ഇതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസും വളരെ കുറച്ചു. അടൂർ, കായംകുളം, പത്തനംതിട്ട, പൊൻകുന്നം, കാഞ്ഞിരപ്പളളി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് നേരത്തെ ഉണ്ടായിരുന്നതും ലാഭകരവുമായിരുന്ന ചെയിൻ സർവിസ് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി നിർത്തി.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് തൊട്ടുമുമ്പ് കടന്നുപോകത്തക്ക നിലയിലാണ് പത്തനാപുരം, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ സ്റ്റോപ്പിൽ നിർത്തിയിടുന്നത്. പത്തനാപുരം ഭാഗത്തുനിന്ന് പുനലൂരിൽ എത്തുന്ന ബസുകൾ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ പോയിരുന്നത് കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ യാത്രക്കാരെ ലഭിക്കാൻ ഇടയാക്കിയിരുന്നു.
എന്നാൽ കോവിഡ് നിയന്ത്രണം വന്നതോടെ ബസുകൾ ചെമ്മന്തൂരിൽ പോകാതെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസ് അവസാനിപ്പിക്കുന്നതും കൂടുതൽ യാത്രക്കാർ സ്വകാര്യ ബസിനെ ആശ്രയിക്കാൻ ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.