പുനലൂർ തൂക്കുപാലം വീണ്ടും ‘പച്ച’ പിടിച്ചു
text_fieldsപുനലൂർ: കാഴ്ചക്കാരിൽ വിസ്മയം തീർക്കുന്ന ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം വീണ്ടും ആകർഷണീയമായി. നീണ്ടകാലത്തെ അവഗണനക്ക് ശേഷം അത്യാവശ്യ നവീകരണങ്ങൾ പൂർത്തിയാകുന്നതോടെ താമസിയാതെ സഞ്ചാരികൾക്ക് വീണ്ടും പാലം തുറന്നു കൊടുക്കും.
നവീകരണം കാരണം കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരിക്കുന്നതിനാൽ ഇപ്പോൾ പാലം കാണാനെത്തുന്നവർ പുറത്തുനിന്ന് കണ്ട് മടങ്ങുകയാണ്. വിദ്യാലയങ്ങളിലെ വിനോദ സഞ്ചാര സീസണായതിനാൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നടക്കം ദിവസവും നിരവധി കുട്ടികളും മുതിർന്നവരും പാലം കാണാൻ എത്തുന്നുണ്ട്.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലുള്ള തൂക്കുപാലം വകുപ്പിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 26.88 ലക്ഷം രൂപ അനുവദിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തിന്റെ കരിങ്കൽ ആർച്ചുകൾക്ക് എന്നും ശാപമാകുന്ന ആൽമരങ്ങളടക്കം നീക്കം ചെയ്ത് ബലപ്പെടുത്തുകയും ആകർഷണീയമാക്കലുമാണ് നവീകരണം.
ഇതിന്റെ ഭാഗമായി ആർച്ചുകളിലെയടക്കം തുരുമ്പ് നീക്കി പച്ചച്ചായം പൂശി. തുരുമ്പെടുത്ത് ദ്രവിച്ച ഗർഡറുകളും സംരക്ഷിത വലകളും മാറ്റി സ്ഥാപിച്ചു. പാലത്തിന്റെ ഉപരിതലത്തിൽ വിരിച്ചിരിക്കുന്ന കമ്പകപലകകൾ അകവും പുറവും കശുവണ്ടിത്തോടിന്റെ ഓയിൽ പൂശി ബലപ്പെടുത്തി.
പാലത്തിന് താങ്ങായ ചങ്ങലകൾ ബന്ധിച്ച ഇരുകരകളിലേയും കിണറുകളും വൃത്തിയാക്കി. വൈദ്യുതീകരണ ജോലികൾ നവീകരിച്ച് അലങ്കാര ബൾബുകളടക്കം സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, കുട്ടികൾക്ക് ഉല്ലസിക്കാൻ ഇരുഭാഗത്തും പാർക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.