പുനലൂർ താലൂക്കാശുപത്രിയിൽ ഇനി കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങളും
text_fieldsപുനലൂർ: താലൂക്കാശുപത്രിയിൽ കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ അനുവദിച്ചു. വളരെക്കാലമായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പായത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു താലൂക്കാശുപത്രിയിൽ ഈ ചികിത്സ വിഭാഗം അനുവദിക്കുന്നതെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു.
ജില്ല ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും ഈ രണ്ടു തസ്തികകളില്ല. പകരം എൻ.ആർ.എച്ച്.എം നിയമിച്ച ഡോക്ടർമാരാണ് ഈ രണ്ടിടത്തും ഉള്ളത്.
കഴിഞ്ഞ സർക്കാർ പുനലൂർ താലൂക്കാശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 12 ഡോക്ടർമാരെ അനുവദിച്ചിരുന്നു. എന്നാൽ, കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ എൻട്രി തസ്തികകൾ ആയിരുന്നതിനാൽ ഡോക്ടർമാരെ നിയമിക്കാനും ഈ വിഭാഗത്തിൽ ചികിത്സ ആരംഭിക്കാനും കഴിഞ്ഞില്ല.
എന്നാൽ, ഈ തസ്തികകൾ കൺസൽട്ടന്റ് തസ്തികയാക്കി ആരോഗ്യ വകുപ്പ് ഉത്തരവ് നൽകി. ഈ ആശുപത്രിയിലെ മികച്ച പശ്ചാത്തല സൗകര്യങ്ങൾ കൂടി പരിഗണിച്ചാണിത്. ഈ ചികിത്സ വിഭാഗങ്ങളിൽ ഡോക്ടർമാരെ ഉടൻ നിയമിക്കാനും കാത്ത് ലാബ്, ട്രോമകെയർ ലാബുകൾ ആരംഭിക്കാനും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം.എൽ.എ പറഞ്ഞു.
കാത്ത് ലാബിന് അഞ്ചുകോടി രൂപ അടങ്കൽ കണക്കാക്കുന്ന എസ്റ്റിമേറ്റ് തയാറാക്കി നൽകി. പ്ലാൻ ഫണ്ടിൽനിന്ന് ഇതിന് തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാൻസർ സെന്റർ നവീകരിച്ച് ചികിത്സസൗകര്യം മെച്ചപ്പെടുത്താൻ നാലു കോടി രൂപ അനുവദിച്ചു. ഇതിന്റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കാനും രണ്ടു കോടി രൂപ അനുവദിച്ചു. പുതിയ സംവിധാനങ്ങൾകൂടി ഒരുങ്ങുന്നതോടെ ജില്ലയിലെ മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി താലൂക്കാശുപത്രി മാറും.
ഇപ്പോൾ ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ലഭ്യമല്ലാത്ത ചികിത്സ ഇവിടെ നൽകുന്നുണ്ട്. നിലവിൽ ദിവസവും മൂവായിരത്തോളം രോഗികൾ ഒ.പി വിഭാഗത്തിൽ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. സമീപജില്ലകളിൽനിന്നും ആളുകൾ ഇവിടെ ചികിത്സക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ ഒ.പി ചികിത്സ നടത്തുന്ന കെട്ടിടത്തിൽ കാത്ത് ലാബ് സ്ഥാപിക്കാനാണ് പദ്ധതിയെന്ന് സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പറഞ്ഞു. ആവശ്യമായ മറ്റ് ജീവനക്കാരെ നിയമിക്കാൻ എച്ച്.എം.സി തിരുമാനിച്ച് നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കാർഡിയോളജി, നെഫ്രോളജി വിഭാഗം അനുവദിച്ചുള്ള ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് എം.എൽ.എ സൂപ്രണ്ടിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.