അറ്റകുറ്റപ്പണിയില്ല; കെ.ഐ.പി ക്വാർട്ടേഴ്സുകൾ നശിച്ചു
text_fieldsപുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ പുനലൂർ നെല്ലിപ്പള്ളിയിലുള്ള ക്വാർട്ടഴ്സുകൾ അറ്റകുറ്റപ്പണിയും സംരക്ഷണവുമില്ലാതെ നശിച്ചു. ദൂരെ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് താമസിക്കാൻ പുനലൂരിൽ മതിയായ ക്വർട്ടേഴ്സ് സംവിധാനം ഇല്ലാത്തപ്പോഴാണ് കെ.ഐ.പിയുടെ കെട്ടിടങ്ങൾ നശിച്ചത്. കെ.ഐ.പി ജീവനക്കാർക്ക് താമസിക്കാനായി പദ്ധതിയുടെ ആരംഭകാലത്ത് നിർമിച്ചതായിരുന്നു ഈ ക്വാർട്ടേഴ്സുകൾ.
പുനലൂർ- മുവാറ്റുപുഴ സംസ്ഥാന ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ അടക്കം ഓഫിസുകളും ഗോഡൗണും ക്വാർട്ടേഴ്സുകളും ഉൾപ്പെടെ പതിനഞ്ചോളം കെട്ടിടങ്ങൾ ഈ വളപ്പിലുണ്ടായിരുന്നു. 10 വർഷം മുമ്പ് ഇതിൽ 3.3 ഏക്കർ സ്ഥലവും കുറെ കെട്ടിടങ്ങളും ഗവ.പോളിടെക്നിക് കോളജിന് കൈമാറി. അസി. എക്സിക്യൂട്ടിവ് എൻജിനിയർ പുനലൂർ സബ് ഡിവിഷൻ- 2 ഓഫിസും ക്വാർട്ടേഴ്സുകളും ഉൾപ്പെടെ ഒമ്പത് കെട്ടിടങ്ങളാണ് കെ.ഐ.പിക്ക് ഇവിടെ ശേഷിച്ചിരുന്നത്. ഇതിൽ എട്ടെണ്ണം ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളായിരുന്നു. ഓരോ ക്വാർട്ടേഴ്സിലും രണ്ട് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അടുത്തകാലംവരെയും ഈ കെട്ടിടങ്ങളിൽ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ, പത്ത് വർഷം മുമ്പ് പദ്ധതി പൂർത്തിയായതായി പ്രഖ്യാപിച്ചതോടെ പല ഓഫിസുകളും കെ.ഐ.പി അടച്ചുപൂട്ടി. ഒപ്പം പലയിടങ്ങളിലെയും ജീവനക്കാരെ സൗകര്യപ്രദമായി സ്ഥലം മാറ്റി.
നെല്ലിപ്പള്ളിയിലെ സബ് ഡിവിഷൻ ഓഫിസും നിർത്തലാക്കി ചെമ്മന്തൂരിലേക്ക് മാറ്റി. ക്വാർട്ടേഴ്സുകളിലുണ്ടായിരുന്ന ജീവനക്കാർ പലപ്പോഴായി ഒഴിഞ്ഞുപോയതോടെ ഇതെല്ലാം അനാഥമായി. ഇടക്കാലത്ത് മറ്റ് ചില വകുപ്പുകളിലെ ജീവനക്കാരും ചില ക്വാർട്ടേഴ്സുകളിൽ താമസക്കാരായുണ്ടായിരുന്നു. ഇവരും ഒഴിഞ്ഞതോടെ എല്ലാ ക്വാർട്ടേഴ്സുകളിലും താമസക്കാരില്ലാത്ത അവസ്ഥയായി. ചുറ്റും കാടുമൂടി കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ പറ്റാത്ത നിലയിലാണ്. വശങ്ങളിലെ മരങ്ങൾ ഒടിഞ്ഞുവീണും കാടുപിടിച്ചും മേൽക്കൂരയും ഭിത്തികളും തകർന്ന് ഈ കെട്ടിടങ്ങൾ പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. വാതിലുകളും ജനാലുകളും എല്ലാം ചിതൽ കയറി നശിച്ചു. വൈദ്യുതികരണം, പ്ലമ്പിങ് എന്നിവയും തകർന്നു. കെട്ടിടങ്ങളിലുണ്ടായിരുന്ന പലതും ഇതിനകം മോഷണം പോയി. മരപ്പട്ടികളും പാമ്പുകളടക്കം ഇഴജന്തുക്കളുടെ താവളമാണ് ഓരോ കെട്ടിടങ്ങളും.
ഒരു കെട്ടിടം മൈനർ ഇറിഗേക്ഷൻ സെക്ഷൻ ഓഫിസിനും മറ്റൊന്ന് കേന്ദ്ര ജലവിഭവ വകുപ്പിനും (സി.ഡബ്ല്യു.സി) കൈമാറിയിരുന്നു. ഇതിൽ മൈനർ ഇറിഗേഷൻ ഓഫിസ് കെട്ടിടം തകർച്ചയിലായതിനാൽ ജീവനക്കാർ ഭയത്തോടെയാണ് ജോലിക്കെത്തുന്നത്. സി.ഡബ്ല്യൂ.സി ഇതുവരെയും ഓഫിസ് പ്രവർത്തിക്കാനും തയാറായിട്ടില്ല. പുനലൂർ കച്ചേരി റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇങ്ങോട്ട് മാറ്റേണ്ടത്.
അതേസമയം, നെല്ലിപ്പള്ളിയിൽ കെ.ഐ.പിയുടെ ശേഷിക്കുന്ന ഒന്നരയേക്കർ സ്ഥലവും കെട്ടിടങ്ങളും പോളിടെക്നിന് ഉപയോഗത്തിന് വിട്ടുകൊടുക്കാനുള്ള നടപടിയും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.