റവന്യൂ മന്ത്രിയുടെ നിർദേശം അവഗണിച്ച് തെന്മലയിൽ റെയിൽവേയുടെ കുടിയൊഴിക്കൽ
text_fieldsപുനലൂർ: റവന്യൂ മന്ത്രിയുടെ നിർദേശം അവഗണിച്ച് തെന്മലയിൽ റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ. തെന്മല ജങ്ഷനിൽ റെയിൽവേ പുറമ്പോക്കിൽ വർഷങ്ങളായി താൽക്കാലിക കടകൾ നടത്തിയിരുന്ന നാലുപേരുടെ കടകൾ ബുധനാഴ്ച പൊളിച്ചുനീക്കി. റവന്യൂ മന്ത്രി റെയിൽവേ അധികൃതർക്ക് മുമ്പ് നൽകിയ നിർദേശത്തിന് വിരുദ്ധമായാണ് ബുധനാഴ്ച തെന്മലയിൽ കടകൾ പൊളിച്ചത്.
മണികണ്ഠൻ, സുശീല, വസന്ത, ശാന്ത എന്നിവരുടെ കടകളാണ് പൊളിച്ചുമാറ്റിയത്. പുനലൂർ-ചെങ്കോട്ട റെയിൽ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കടക്കാർക്ക് റെയിൽവേ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു.
തുടർന്നാണ് റെയിൽവേ പൊലീസിന്റെ സന്നാഹത്തോടുകൂടി കടകൾ നീക്കം ചെയ്തത്. അടുത്തിടെ കഴുതുരുട്ടിയിലും വീടിന്റെ മുൻവശം പൊളിക്കാൻ റെയിൽവേ അധികൃതർ എത്തിയിരുന്നു. എന്നാൽ, വീട്ടുടമ ഹൈക്കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയതിനാൽ നടപടിയുണ്ടായില്ല.
ഈ കേസിൽ ഭൂമിയിന്മേലുള്ള റെയിൽവേയുടെ അവകാശവാദം തെളിയിക്കാൻ മതിയായ രേഖ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് തെന്മലയിൽ വീണ്ടും പൊളിക്കൽ നടത്തിയത്.
ഒരു വർഷം മുമ്പ് കിഴക്കൻ മേഖലയിൽ വ്യാപകമായി റെയിൽവേ ഭൂമിയിൽനിന്ന് ഒഴിപ്പിക്കൽ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വിഷയം പി.എസ്. സുപാൽ എം.എൽ.എ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. റവന്യൂ മന്ത്രി റെയിൽവേ അധികൃതരുടെ സംയുക്ത യോഗം വിളിച്ച് റെയിൽവേ, വനം, റവന്യൂ സംയുക്ത സർവേ നടത്തി ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തശേഷമേ ഒഴിപ്പിക്കാൻ പാടുള്ളൂവെന്ന് നിർദേശം നൽകിയിരുന്നതാണ്.
എന്നാൽ, ഇതുവരെ സംയുക്ത പരിശോധന പൂർത്തിയായില്ല. ഇതിനിടയിലാണ് കിഴക്കൻ മേഖലയിൽ പലയിടത്തും ഒഴിപ്പിക്കൽ ഭീഷണിയുമായി റെയിൽവേ രംഗത്തുള്ളത്. ഈ ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങളെ റെയിൽവേയുടെ നടപടി ആശങ്കയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.