റെയിൽവേ ഭൂമി തിട്ടപ്പെടുത്തൽ: സംയുക്ത പരിശോധന ആരംഭിച്ചു
text_fieldsപുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിൽ പുനലൂരിലും കോട്ടവാസലിനും ഇടയിൽ റെയിൽവേ ലൈനിന് ഇരുവശവുമുള്ള കൈയേറ്റം കണ്ടുപിടിക്കുന്നതിനും റെയിൽവേ ഭൂമി തിട്ടപ്പെടുത്തുന്നതിനും സംയുക്ത പരിശോധന ആരംഭിച്ചു. റെയിൽവേ ലൈനിനോട് ചേർന്നുകഴിയുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായിട്ടാണിത്.
പുനലൂർ മുതൽ കോട്ടവാസൽ വരെ റെയിൽവേ ലൈനിന് ഇരുവശവും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ റെയിൽവേ അധികൃതർ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിനെതുടർന്ന് സംയുക്ത പരിശോധനക്കും സർവേക്കും റവന്യൂമന്ത്രി നേരത്തേ വിളിച്ചുചേർത്ത ഉന്നതയോഗത്തിൽ തീരുമാനമായിരുന്നു. ഇടമൺ വനത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ലൈനിന് ഇരുവശത്തുള്ള അധികഭൂമി റെയിൽവേയുടേതാണെന്നും വനംവകുപ്പിന്റേതാണെന്നും തർക്കം ഉയർന്നിരുന്നു. റെയിൽവേക്ക് ആവശ്യമായ ഭൂമി നിർണയിച്ചശേഷം ബാക്കി ഭൂമി കൈവശക്കാർക്ക് പട്ടയം നൽകാൻ നടപടി നടന്നുവരുകയാണ്.
ഇതിന്റെ മുന്നോടിയായിട്ടാണ് റെയിൽവേ, വനം, റവന്യൂ വിഭാഗത്തിന്റെ സംയുക്ത പരിശോധനയും സർവേയും നടത്തുന്നത്. പുനലൂർ മുതൽ ഇടമൺ വരെയുള്ള ഭാഗങ്ങളിൽ വലിയ തർക്കം ഇല്ലാത്തതിനാൽ സംയുക്ത പരിശോധന നേരത്തേ പൂർത്തീകരിച്ചു. എന്നാൽ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഭൂമിയുടെ സർവേ സ്കെച്ച് ഇല്ലാത്തതിനാൽ സംയുക്ത പരിശോധന മുടങ്ങിയിരുന്നു. കഴിഞ്ഞദിവസമാണ് സ്കെച്ച് സംയുക്ത സർവേ സംഘത്തിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.