റെയിൽവേ ലൈൻ വൈദ്യുതീകരണം: സബ്സ്റ്റേഷൻ കമീഷൻ ചെയ്തു
text_fieldsപുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ വൈദ്യുതീകരണത്തിനായി പുനലൂരിൽ നിർമിച്ച ട്രാൻസ്മിഷൻ സബ്സ്റ്റേഷൻ ശനിയാഴ്ച വിജയകരമായി കമീഷൻ ചെയ്തു. കൊല്ലം പെരിനാട് സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതി എത്തിച്ച് 25 കെ.വി സപ്ലേ ആക്കി വൈദ്യുതി ലൈനിലേക്ക് കടത്തിവിട്ടാണ് സബ് സ്റ്റേഷൻ കമീഷൻ ചെയ്തത്. കെ.എസ്.ഇ.ബിയിൽനിന്നും 110 കെ.വി വൈദ്യുതി എത്തിച്ച് 25 കെ.വി സപ്ലേ ആക്കിയാണ് ഭാവിയിൽ ലൈനിൽ ബന്ധിപ്പിക്കേണ്ടത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഇതുവരെ എത്തിയിട്ടില്ല. തെന്മല മുതൽ കിളികൊല്ലൂർ വരെയുള്ള ഭാഗത്തേക്കാണ് ഇവിടെ നിന്നും വൈദ്യുതി നൽകുന്നത്. 21.6 മെഗാ വോൾട്ട് ആംപിയർ ശേഷിയുള്ള ട്രാൻസ്ഫോർമറാണ് ട്രാക്ഷൻ സബ്സ്റ്റേഷനിലെ ഏറ്റവും വിലകൂടിയതും പ്രധാനപ്പെട്ടതുമായ ഘടകം.
ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എം.എസ്. റോഹന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കമീഷൻ നടപടികൾക്ക് നേതൃത്വം നൽകിയത്. ഹൈവേയുടേയും ദേശീയപാതയുടേയും അടിയിലൂടെ റെയിൽവേ സബ്സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിച്ചു. കെ.എസ്.ഇ.ബിയുടെ പുനലൂർ പവർഹൗസ് ജങ്ഷനിലുള്ള 110 കെ.വി സബ്സ്റ്റേഷനിൽ നിന്നും മലയോര ഹൈവേ വഴിയാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. വെട്ടിപ്പുഴയിൽ ദേശീയപാത മുറിച്ചുകടന്ന് മൂർത്തിക്കാവ് വഴി 2.7 കിലോമീറ്റർ നീളത്തിൽ കേബിൾ സ്ഥാപിച്ചാണ് ചൗക്കയിലെ റെയിൽവേ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.