മഴ: തെന്മലയിൽ വ്യാപക നാശം
text_fieldsപുനലൂർ: രണ്ടുദിവസമായുള്ള ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മലയിടിച്ചിലിലും തെന്മല പഞ്ചായത്തിൽ വ്യാക നാശം. വീടിന് മുകളിലേക്ക് മലയിടിഞ്ഞുവീണെങ്കിലും കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളപ്പാച്ചിലിൽ കൊല്ലം-ചെങ്കോട്ട ദേശീയപാതയടക്കം പലയിടവും ഇടിഞ്ഞുതാണു. പാതയിൽ പലയിടത്തും വിള്ളലും വീണു. മലമുകളിലുള്ള പാറക്കെട്ടുകൾ പാതയിലേക്ക് പതിച്ച് ഗതാഗത തടസ്സവും നേരിട്ടു. പാതയിൽ പലയിടത്തും കല്ലുംമണ്ണും അടിഞ്ഞിട്ടുണ്ട്. അടിമണ്ണ് ഇളകിമാറിയതിനാൽ പലയിടത്തും കൂറ്റൻ പാറകൾ ദേശീയപാതയിലേക്ക് എതുസമയത്തും വീഴുന്ന അവസ്ഥയാണ്. പാതയോരത്തെ മരങ്ങളടക്കം കടപുഴകി വീടുകൾക്കും വൈദ്യുതി ലൈനിനും മുകളിലേക്ക് വീണു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് തെന്മല പഞ്ചായത്തിലും ആര്യങ്കാവിലെ ആനച്ചാടി, നെടുമ്പാറ, കഴുരുട്ടി ഭാഗങ്ങളിൽ മിക്കയിടത്തും ശക്തമായ മഴ അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മഴയിൽ തെന്മല ജങ്ഷനിലെ റെയിൽവേ സ്റ്റേഷന് സമീപം അയ്യപ്പൻകാനയിൽ ഉരുൾപൊട്ടി ദേശീയപാത, തടി ഡിപ്പോ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു.
ഡിപ്പോയുടെ സമീപത്തെ ചില വീടുകളിലും മലവെള്ളം കയറി നാശം നേരിട്ടു. അന്ന് മഴ നിന്നതിനാൽ വലിയ നാശം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ടത്തെ മഴയാണ് കൂടുതൽ നാശം ഉണ്ടാക്കിയത്. പതിമൂന്ന് കണ്ണറ റെയിൽവേ പാലത്തിന് സമീപം മലയിടിഞ്ഞ് എം.എസ്.എല്ലിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന മണിരാജൻപിള്ളയുടെ വീടിെൻറ വശത്തേക്ക് പുറംഭിത്തി പൂർണമായി തകർന്നു. വെള്ളത്തോടൊപ്പം കൂറ്റൻ പാറകൾ ദേശീയപാതയിലടക്കം ഒഴുകിയെത്തി. രാത്രി മണിക്കൂറുകളോളം പാതയിലെ വാഹന ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വലിയ മരങ്ങളും കടപുഴകി. എം.എസ്.എൽ ഭാഗത്ത് ദേശീയ പാത വിണ്ടുകീറി. ഇവിടെ തന്നെ പാതയോരത്തെ മരം കടപുഴകിയതിനാൽ പാതയുടെ ഒരു വശവും ഇടിഞ്ഞുതാണു. ഒറ്റക്കൽ ലുക്ക്ഔട്ടിന് സമീപം കുന്ന് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചു. ഉറുകുന്ന് മുതൽ തെന്മല വരെ പലയിടത്തും പാറയും കുന്നുകളും പാതയിലേക്ക് ഇടിഞ്ഞിറങ്ങി. പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരൻ, തെന്മല വാർഡ് അംഗം ജി. നാഗരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.
ബുധനാഴ്ച രാവിലെ പുനലൂർ തഹസിൽദാർ കെ.എസ്. നസിയയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലത്തെത്തി നാശങ്ങൾ വിലയിരുത്തി. തെന്മല റേഞ്ച് ഓഫിസർ ജയൻ, വില്ലേജ് ഓഫിസർ തോമസ് ജോൺ എന്നിവരും എത്തിയിരുന്നു. വീടുകൾക്ക് നാശം നേരിട്ടവരെയും അപകട ഭീഷണിയിലുള്ളവരെയും മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചു.
ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര സംവിധാനം
പുനലൂർ: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ തെന്മല പഞ്ചായത്തിൽ മൂന്ന് വീടുകൾക്ക് നാശം നേരിട്ടു. എം.എസ്.എല്ലിൽ മണിരാജൻ, ഉറുകുന്നിൽ ജഗദമ്മ, വെള്ളച്ചാലിൽ സുനിത എന്നിരുടെ വീടുകൾക്കാണ് നാശമുണ്ടായത്. ഇവരുടെ വീടുകൾക്കുണ്ടായ നാശം തിട്ടപ്പെടുത്താൻ വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. അടിയന്തര ഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഒറ്റക്കല്ലിലെ എസ്.കെ.വി സ്കൂളിൽ സംവിധാനം ഒരുക്കിയതായി പുനലൂർ തഹസിൽദാർ കെ.എസ്. നസിയ പറഞ്ഞു. കൂടാതെ തെന്മല ജങ്ഷനിൽ വെള്ളം കയറുന്നത് തടയാൻ വനംവകുപ്പിെൻറ അധീനതയിലുള്ള ഭൂമിയിലെ ഓട തെളിക്കുന്നതിന് റേഞ്ച് ഓഫിസർക്ക് നിർദേശം നൽകി. ഇവിടുള്ള ഓട അടഞ്ഞതാണ് കഴിഞ്ഞദിവസങ്ങളിൽ തടി ഡിപ്പോയിലടക്കം വെള്ളം കയറുന്നതിന് ഇടയാക്കിയത്.ശബ്ദംകേട്ട് പുറത്തേക്ക്ങ്ങിയത് നാലംഗകുടുംബത്തിന് രക്ഷയായി
പുനലൂർ: തെന്മല എം.എസ്.എല്ലിൽ പതിമൂന്ന് കണ്ണറ പാലത്തിന് സമീപം റോഡ് പുറമ്പോക്കിൽ താമസിക്കുന്ന മണിരാജൻപിള്ളയടക്കം നാലംഗകുടുംബം വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്വന്തം വീടിനുള്ളിലേക്ക് കുന്നിടിഞ്ഞ് വീണതിനാൽ ഉണ്ടാകുമായിരുന്ന വൻദുരന്തം കൺമുന്നിൽ കണ്ടതിെൻറ നടുക്കത്തിലാണിവർ. ചൊവ്വാഴ്ച വൈകീട്ട് മണിക്കൂറോളം നീണ്ട മഴയിൽ തൊട്ടടുത്ത റെയിൽവേ കട്ടിങ്ങിൽ നിന്നും മണ്ണും വെള്ളവും വന്നടിഞ്ഞാണ് വീട് തകർന്നത്. വീടിന് സമീപത്തെ ദേശീയപാതയോരത്ത് നിന്നിരുന്ന വലിയമരം കടപുഴകി വീഴുന്ന ശബ്ദംകേട്ട് മണിരാജൻപിള്ള, ഭാര്യ ശാരിക, മക്കളായ ശബരിരാജ്, ശരൺരാജ് എന്നിവർ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
മരംവീഴുന്നത് നോക്കി നിൽക്കുമ്പോൾ തന്നെ മറുഭാഗത്ത് നിന്നും വലിയ ശബ്ദത്തോടെ വെള്ളവും പാറയും വീടിനുള്ളിൽ ഇരച്ച് കയറുകയായിരുന്നു. നിമിഷനേരം കൊണ്ട് വീടിെൻറ പുറംഭിത്തിയടക്കം ഇടിഞ്ഞുതള്ളി. വീട്ടുസാധനങ്ങളെല്ലാം നശിച്ചു. സിമൻറ് കട്ട കൊണ്ട് നിർമിച്ച് ഷീറ്റ് പാകിയുള്ള രണ്ടുമുറി വീടായിരുന്നു.
റെയിൽവേ ലൈനിനോട് ചേർന്ന് കുന്നിന് മുകളിലെ വെള്ളം ഒഴുകിപ്പോകാൻ റെയിൽവേ വലിയ ഓടയെടുത്തിരുന്നു. ഈ ഓട മണ്ണ് മൂടി അടഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. അപകടവിവരം അറിഞ്ഞ് മുൻ പഞ്ചായത്തംഗം വി.എസ്. മണിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തം നടത്തി. മണിരാജനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് രാത്രിതന്നെ മാറ്റിപ്പാർപ്പിച്ചു.
തെന്മല എം.എസ്.എൽ വീണ്ടും ഭീഷണിയാകുന്നു
പുനലൂർ: കോടികൾ മുടക്കി സംരക്ഷണഭിത്തിയടക്കം നിർമിച്ചിട്ടും രക്ഷയില്ലാതെ ദേശീയപാതയിൽ തെന്മല എം.എസ്.എല്ലിൽ വീണ്ടും അപകട ഭീഷണി. കഴിഞ്ഞ രണ്ടുദിവസത്തെ മഴയിൽ എം.എസ്.എല്ലിൽ അടുത്തിടെ നവീകരിച്ച പാത വീണ്ടുകീറിത്തുടങ്ങി. പാതയുടെ ഒരു വശത്തുള്ള കഴുതുരുട്ടി ആറിെൻറ തീരത്ത് വലിയ സംരക്ഷണഭിത്തി നിർമിച്ചാണ് ഇവിടുത്തെ അപകാടാവസ്ഥ പരിഹരിച്ചത്.
എന്നാൽ ശക്തമായ മഴയിൽ പാത വിണ്ടുകീറിയതോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുകയാെണന്ന ആശങ്കയുണ്ട്. പാതയിൽ നാശം ഉണ്ടായാൽ അന്തർസംസ്ഥാന ഗതാഗതത്തെ ബാധിക്കും. സംരഷണ ഭിത്തി നിർമാണത്തിലെ അപാകതയാണ് പാതയിലെ പൊട്ടലിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. പാതയിലെ വീണ്ടുകീറൽ പരിഹരിക്കാൻ ബുധനാഴ്ച ടാർ ഒഴിച്ച് അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിൽ സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.