റോഡുകൾ തകർന്നു; പുനലൂരിൽ ദുരിതയാത്ര
text_fieldsപുനലൂർ: നഗരസഭയിലെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡുകൾ തകർന്നതോടെ യാത്ര ദുഷ്കരമായി. മഴ തുടരുന്നതു കാരണം റോഡുകളിൽകൂടി കാൽനടപോലും ബുദ്ധിമുട്ടാണ്. ചൗക്ക- റെയിൽവേ സ്റ്റേഷൻ റോഡ്, റെയിൽവേ സ്റ്റേഷൻ - പത്തേക്കർ റോഡ്, ചെമ്മന്തൂർ സ്റ്റേഡിയം- മുരുകൻകോവിൽ റോഡ് എന്നിവയാണ് മാസങ്ങളായി തകർന്ന നിലയിലുള്ളത്.
റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് വളരുന്നതിന് ഇടയാക്കുന്നു. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. ഇരുചക്ര വാഹത്തിലെ യാത്ര ദുഷ്കരവും അപകടകരവുമാണ്. പല റോഡുകളും ചളിമൂടി കിടക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽപോലും ഓട്ടോ പോലുള്ള വാഹനങ്ങൾ വിളിച്ചാൽ വരാൻ തയാറാകുന്നില്ല. ഈ വാർഡുകളിലെ കൗൺസിലർമാരോട് നാട്ടുകാർ പരാതി പറഞ്ഞു മടുത്തു.
നഗരസഭയിൽ മതിയായ ഫണ്ടില്ലാത്തതാണ് റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിന് ഇടയാക്കുന്നത്. മുമ്പ് ചെയ്ത റോഡു പണി ഉൾപ്പെടെയുള്ളതിന്റെ ബില്ലുകൾ സമയത്തിന് മാറിനൽകാത്ത കാരണം പലകരാറുകാർക്കും വലിയ തുക ലഭിക്കാനുണ്ട്. ഇതുകാരണം റോഡ് നവീകരണത്തിന് കരാർ ക്ഷണിച്ചാൽപോലും കരാർ എടുത്ത് സമയബന്ധിതമായി പൂർത്തിയാക്കാനും തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.