റോസ്മല സ്വയം ഒഴിയൽ പദ്ധതി; എട്ട് കുടുംബങ്ങൾക്ക് 360 ലക്ഷം അനുവദിച്ചു
text_fieldsപുനലൂർ: ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വരുന്ന കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മല വാർഡിലെ 48 കുടുബങ്ങളെ സ്വമേധയാ മാറ്റിപ്പാർപ്പിക്കൽ പദ്ധതിക്ക് ആദ്യ ഗഡുവായി 360 ലക്ഷം തുക അനുവദിച്ചു. റോസ്മല സെറ്റിൽമെന്റിനുള്ളിൽനിന്ന് ആദിവാസികൾ ഒഴികെയുള്ള അർഹരായ കുടുംബങ്ങളെയാണ് സ്വമേധയാ മാറ്റിപ്പാർപ്പിക്കുന്നത്.
റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന് (ആർ.കെ.ഡി.പി) കീഴിൽ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നതിന് 800 കോടി രൂപയുടെ ഭരണാനുമതി വനം വകുപ്പിന് ലഭിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ത്രിതല കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാനതല എംപവേർഡ് കമ്മിറ്റി, പ്രോജക്ട് നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ്, സർക്കിൾ/ഡിവിഷൻ തലത്തിലുള്ള റീജനൽ കമ്മിറ്റി എന്നിവയാണത്.
അംഗീകൃത മാർഗനിർദേശങ്ങൾ അനുസരിച്ച്, വിജ്ഞാപനം ചെയ്യപ്പെട്ട കേന്ദ്ര/നിർണായക കടുവ ആവാസ വ്യവസ്ഥകളിലെ ഗ്രാമങ്ങളിൽനിന്ന് സ്വമേധയാ മാറ്റിപ്പാർപ്പിക്കുന്നതിന് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അംഗീകരിച്ച സ്ഥലംമാറ്റ പാക്കേജിന്റെ അനുയോജ്യമായ മാതൃകയായിരിക്കും അംഗീകരിക്കുന്നത്.
നഷ്ടപരിഹാര പാക്കേജ് അനുസരിച്ച് അർഹതയുള്ള ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് നൽകുന്നത്. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിളിലെ ശെന്തുരുണി വന്യജീവി ഡിവിഷനിൽ വരുന്ന കുളത്തൂപ്പുഴ പഞ്ചായത്തിലെ ജനവാസ കേന്ദ്രമാണ് റോസ്മല സെറ്റിൽമെന്റ്.
റോസ്മലയിലെ അർഹരായ 66 കുടുംബങ്ങളിൽ 59 അപേക്ഷകരെ ആദ്യ ഘട്ടത്തിൽ കമ്മിറ്റി പരിഗണിച്ചു. ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അംഗീകാരവും നൽകി. സ്പെഷൽ തഹസിൽദാരുടെ കീഴിലുള്ള ലാൻഡ് അക്വിസിഷൻ യൂനിറ്റ് രേഖകൾ സഹിതമുള്ള അപേക്ഷ സൂക്ഷ്മപരിശോധന നടത്തി. അപേക്ഷകരിൽ 19 പേർ താമസക്കാരും 22 പേർ പ്രവാസികളുമാണ്.
ആകെ യോഗ്യരായ കുടുംബത്തിന്റെ എണ്ണം 48 ആണ്. യോഗ്യരായ 48 കുടുംബങ്ങളെ കണക്കാക്കി മൊത്തം തുകയുടെ ആദ്യ ഗഡു 360 ലക്ഷം രൂപ അനുവദിച്ചത്. സന്നദ്ധരായ ഓരോ കുടുംബത്തിനും ആദ്യഘട്ടത്തിൽ ഏഴര ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.