ശബരിമല സീസൺ: ആര്യങ്കാവ് ഡിപ്പോയിലേക്ക് 10 ബസ് അനുവദിച്ചു
text_fieldsപുനലൂർ: ശബരിമല സീസൺ കണക്കിലെടുത്ത് ആര്യങ്കാവ് ഡിപ്പോയിൽ പത്തും പുനലൂരിന് ഒന്നും ഓർഡിനറി ബസുകൾ കെ.എസ്.ആർ.ടി.സി അനുവദിച്ചു.
ആര്യങ്കാവ്- തെങ്കാശി റൂട്ടിൽ അഞ്ചും ആര്യങ്കാവ്-പുനലൂർ റൂട്ടിൽ ബാക്കി ബസുകളുമാണ് ഓർഡിനറിയായി സർവിസ് നടത്തുക. മറ്റ് ഡിപ്പോകളിൽനിന്നുള്ള ബസുകളാണ് ഇവിടങ്ങളിലേക്ക് അനുവദിച്ചത്.
ബസുകൾ എത്തുന്ന മുറക്ക് അടുത്ത ദിവസങ്ങളിൽ സർവിസ് ആരംഭിക്കും. 20 മിനിറ്റ് ഇടവേളയിൽ പുനലൂരിനും തെങ്കാശിക്കും ഇടയിൽ സർവിസ് നടത്തുന്ന നിലയിലാണ് ക്രമീകരണം. എന്നാൽ പ്രധാനമായും ശബരിമല തീർഥാടകർ എത്തുന്ന അച്ചൻകോവിലിന് പുനലൂർ, ചെങ്കോട്ട എന്നിവിടങ്ങളിൽനിന്ന് പുതിയ സർവിസ് അനുവദിച്ചില്ല.
പുനലൂരിൽനിന്ന് ആര്യങ്കാവ്, ചെങ്കോട്ട, അച്ചൻകോവിലിലേക്ക് രാവിലെയും ഉച്ചക്കും വൈകീട്ടും മൂന്ന് സർവിസുകളേയുള്ളൂ. മുമ്പ് തിരുനെൽവേലിയിൽ നിന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ മൂന്ന് സർവിസ് ചെങ്കോട്ട വഴി അച്ചൻകോവിലിനുണ്ടായിരുന്നു.
എന്നാൽ ഒരുവർഷം മുമ്പ് ഈ ബസുകൾ നിർത്തിയത് പുനരാരംഭിച്ചില്ല. ഇതുകാരണം ഇടസമയങ്ങളിൽ ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിലിനും തിരിച്ചും യാത്ര ചെയ്യാൻ പ്രയാസമാണ്. ഇപ്പോൾ തുടങ്ങുന്ന സർവിസിൽ ഒരെണ്ണമെങ്കിലും അച്ചൻകോവിലിനും വിടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.